മസിനഗുഡിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു
മസിനഗുഡിയില്‍ കാട്ടാനയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചു
ഗൂഡല്ലൂര്‍: മസിനഗുഡിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. തപാല്‍വകുപ്പിലെ താത്കാലിക ജീവനക്കാരി മസിനഗുഡി സ്വദേശി സരസു (58) ആണ് മരിച്ചത്. ഭര്‍ത്താവ് കുമാരസാമി (64) ചികിത്സയിലാണ്. മസിനഗുഡി-ബൊക്കാപുരം റോഡില്‍വെച്ച് സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതിമാരെ കാട്ടാന ആക്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പരിക്കേറ്റ് ഊട്ടി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച സരസു ചികിത്സയിലിരിക്കെ, തിങ്കളാഴ്ച രാത്രി ഒന്‍പതരമണിയോടെ മരിച്ചു. ബൊക്കാപുരം മാരിയമ്മന്‍ കോവിലില്‍ ദര്‍ശനത്തിനുശേഷം സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് ആക്രമണം. റോഡ് കുറുകെ കടന്നുവന്ന ആന സ്‌കൂട്ടറിനു നേരെ പാഞ്ഞടുക്കുകയായിരുന്നു സ്‌കൂട്ടര്‍ തട്ടി മറിച്ചതോടെ നിലത്തു വീണ സരസുവിനെ കാട്ടാന ആക്രമിച്ചു.
ആനയുടെ കാലുകള്‍ക്കിടയില്‍ നിന്നും കുമാര സ്വാമി രക്ഷപ്പെട്ടു. ഇരുവരുടെയും കരച്ചില്‍ കേട്ടു സമീപത്തുള്ള കടകളില്‍ നിന്നും ആളുകള്‍ ഓടിയെത്തി കാട്ടാനയെ തുരത്തി. സാരമായി പരിക്കേറ്റ സരസുവിന് മസിനഗുഡി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രഥമശുശ്രൂഷനല്‍കിയതിനുശേഷം വിദഗ്ധചികിത്സയ്ക്കായി ഊട്ടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
ഫോറസ്റ്റ് വാര്‍ഡന്‍ ബാലാജിയുടെ നേതൃത്വത്തില്‍ വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. മസിനഗുഡി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.