രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു; കാര്‍ഗോ, ബാഗേജ് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുക സിഐഎസ്എഫ്
രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. സിഐഎസ്എഫിന് അധിക ചുമതല നല്‍കികൊണ്ട് രാജ്യത്തെ 69 വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തി. കാര്‍ഗോ പരിശോധനകളും ഇന്‍-ലൈന്‍ ഹോള്‍ഡ് ബാഗേജ് സ്‌ക്രീനിങ് സംവിധാനത്തിനും താത്കാലിമായി മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം കൂടിയാണ് സിഐഎസ്എഫിന് നല്‍കിയത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും രാജ്യത്തെ സുരക്ഷാ സാഹചര്യവും പരിഗണിച്ച് സിഐഎസ്എഫിന്റെ സുരക്ഷാപരിധി താല്‍ക്കാലികമായി വ്യാപിപ്പിക്കുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) പുറപ്പെടുവിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് സിഐഎസ്എഫ് വക്താവ് വ്യക്തമാക്കി. സിഐഎസ്എഫിന്റെ സുരക്ഷാ പരിധിയിലുള്ള എല്ലാ വിമാനത്താവളങ്ങളിലും പുതിയ സംവിധാനം ഇതിനകം നടപ്പിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി. മെയ് 18 വരെയാണ് പുതിയ ക്രമീകരണം.
സാധാരണയായി സിഐഎസ്എഫിനെ യാത്രക്കാരുടെ ദേഹപരിശോധനയ്ക്കും അവരുടെ കൈവശമുള്ള ബാഗേജുകള്‍ പരിശോധിക്കാനും മാത്രമാണ് ചുമതലപ്പെടുത്തിയിരുന്നത്. എയര്‍ലൈനുകളും വിമാനത്താവള നടത്തിപ്പുകാരും നിയമിച്ച സ്വകാര്യ സുരക്ഷാ ജീവനക്കാരായിരുന്നു കാര്‍ഗോ, ഇന്‍-ലൈന്‍ ഹോള്‍ഡ് ബാഗേജ് സ്‌ക്രീനിങ് സിസ്റ്റം പരിശോധന നടത്തിയിരുന്നത്.