സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപണം; 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്: തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി കേന്ദ്രം

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം; 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്

Update: 2025-07-19 00:52 GMT

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ട് മത്സ്യബന്ധ യാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജൂലൈ 14,15 തിയതികളിലാണ് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ബംഗ്ലാദേശ് അധികൃതര്‍ പിടികൂടിയത്. രാത്രി സമയത്ത് മത്സ്യബന്ധനം നടത്തിയവരെയാണ് ബംഗ്ലാദേശ് അറസ്റ്റ് ചെയ്തത്.

പിടിയിലായവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നയതന്ത്ര മാര്‍ഗത്തിലൂടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൊന്‍ഗ്ലയ്ക്ക് സമീപത്ത് വച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവര്‍ പിടിയിലായെന്നാണ് സൂചന.

അതേസമയം മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നയതന്ത്രതലത്തില്‍ ശ്രമം നടത്തുന്നതായി കേന്ദ്രം. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പിടിയിലായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും എത്രയും വേഗം മോചിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബംഗാളില്‍നിന്നുള്ള 34 മത്സ്യത്തൊഴിലാളികളെയും രണ്ട് ബോട്ടുകളും തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബംഗ്ലാദേശ് നാവികസേന പിടികൂടിയത്. മോശം കാലാവസ്ഥയില്‍ ദിശതെറ്റിയ സംഘം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്നതാകുമെന്ന് കരുതുന്നു.

Tags:    

Similar News