ഡല്‍ഹിയില്‍ ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതര്‍
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹാങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്. വിമാനം, ലാന്‍ഡ് ചെയ്ത് ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. തീപ്പിടിത്തമുണ്ടായതോടെ എപിയു തനിയേ പ്രവര്‍ത്തനം നിര്‍ത്തി. വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായതായാണ് വിവരം. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
''ജൂലൈ 22ന് ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റില്‍ തീപിടിച്ചത്. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തി.'' എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.