കൂടിക്കാഴ്ചക്ക് മോദി തയാറായില്ല; ബി.ജെ.പി നേതൃത്വം അവഗണിച്ചു; ഒ.പന്നീര്‍ശെല്‍വം എന്‍.ഡി.എ സഖ്യം വിട്ടു; ടി.വി.കെയുമായി സഖ്യനീക്കം
ഒ.പന്നീര്‍ശെല്‍വം എന്‍.ഡി.എ സഖ്യം വിട്ടു; ടി.വി.കെയുമായി സഖ്യനീക്കം
ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ(എന്‍.ഡി.എ)വുമായ ബന്ധം അവസാനിപ്പിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം(ഒ.പി.എസ്). കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് ഒ.പന്നീര്‍ശെല്‍വം കത്ത് നല്‍കിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചക്ക് മോദി തയാറായില്ല. ഇതോടെയാണ് എന്‍ഡിഎ സഖ്യം വിടാന്‍ പന്നീര്‍ശെല്‍വം തീരുമാനിച്ചത്.
തിരുച്ചിയില്‍വെച്ച് സഖ്യകക്ഷി നേതാവായ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസാമി മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഇത് ഒ.പി.എസ് വിഭാഗത്തില്‍ കടുത്ത അസംതൃപ്തിയാണ് പടര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച ചെന്നൈയില്‍ ചേര്‍ന്ന ഒ.പി.എസ് വിഭാഗത്തിന്റെ നേതൃയോഗം എന്‍.ഡി.എയുമായ ബന്ധം അവസാനിപ്പിക്കാന്‍ ഒ.പി.എസ് തീരുമാനിച്ചത്.
ഭാവിയില്‍ ഏത് മുന്നണിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അതിന് മുന്‍പ് ഒ.പന്നീര്‍ശെല്‍വം തമിഴകമൊട്ടുക്കും പര്യടനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഒ.പി.എസ് വിഭാഗത്തിന്റെ പിന്‍മാറ്റം ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തിന് കനത്ത തിരിച്ചടിയാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അതിനിടെ വ്യാഴാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ ഒ.പി.എസും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ഹൃസ്വ ചര്‍ച്ച നടത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിജയ് നയിക്കുന്ന 'തമിഴക വെട്രി കഴക'വുമായി സഖ്യമുണ്ടാക്കാനാണ് ഒ.പി.എസിന്റെ നീക്കമെന്നും കരുതപ്പെടുന്നു.