സമാജ് വാദി പാര്‍ട്ടി എം.പിയുമായി വിവാഹം ഉറപ്പിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാമ്പയിനില്‍നിന്നും റിങ്കു സിങ് പുറത്ത്

സമാജ് വാദി പാര്‍ട്ടി എം.പിയുമായി വിവാഹം ഉറപ്പിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാമ്പയിനില്‍നിന്നും റിങ്കു സിങ് പുറത്ത്

Update: 2025-08-01 11:46 GMT

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി എം.പിയുമായി വിവാഹം ഉറപ്പിച്ചതോടെ വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണ കാമ്പയിനില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം റിങ്കു സിങ്ങിനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷന്‍. സമാജ് വാദി പാര്‍ട്ടി എം.പി പ്രിയ സരോജുമായി ജൂണ്‍ എട്ടിനാണ് റിങ്കുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും ഇരുവരുടെയും വിവാഹം.

ഇലക്ഷന്‍ കമീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) എന്ന പ്രചാരണ പരിപാടിയിലെ സ്റ്റാര്‍ കാമ്പയിനറായാണ് റിങ്കുവിനെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, പ്രിയയുമായുള്ള വിവാഹ നിശ്ചയത്തിനു പിന്നാലെ റിങ്കുവിനെ സ്വീപ്പിന്റെ പോസ്റ്ററുകളും വിഡിയോകളുമടക്കമുള്ള എല്ലാ പ്രചാരണ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇലക്ഷന്‍ കമീഷനില്‍നിന്ന് ലഭിച്ച ഉത്തരവനുസരിച്ച് യു.പി ഡിസ്ട്രിക്ട് ഇലക്ഷന്‍ ഓഫിസറും അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റുമായ ലളിത പ്രസാദാണ് എല്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും സ്വീപ് ടീമുകള്‍ക്കും റിങ്കുവിനെ ഒഴിവാക്കാനുള്ള നിര്‍ദേശം കൈമാറിയത്.

റിങ്കുവിന്റെ സാന്നിധ്യമുള്ള എല്ലാ പോസ്റ്ററുകളും ബാനറുകളും ഹോര്‍ഡിങ്ങുകളും നീക്കാന്‍ ഇതിനകം നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എസ്.പി എം.പിയുമായി വിവാഹം നിശ്ചയിച്ച സ്ഥിതിക്ക് റിങ്കുവിനെ പരസ്യത്തില്‍ ചിത്രീകരിക്കുന്നത് രാഷ്ട്രീയമായി കൂട്ടിക്കെട്ടാനും ദുര്‍വ്യാഖ്യാനും ചെയ്യാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തെര. കമീഷന്റെ നടപടി.

വിവാഹ നിശ്ചയത്തിനുശേഷം പ്രതിശ്രുത വധുവായ എം.പിയുമൊത്ത് ക്രിക്കറ്റ് മത്സര ഗാലറികളും മറ്റ് പരിപാടികളിലുമൊക്കെ റിങ്കു പ്രത്യക്ഷപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടൊന്നും ഇതുവരെ പരസ്യമായി ആഭിമുഖ്യം തുറന്നുപറഞ്ഞിട്ടില്ലാത്ത റിങ്കു കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടതിന്റെ ചിത്രങ്ങള്‍ 'എക്‌സി'ല്‍ പങ്കുവെച്ചിരുന്നു. 'ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ ഏറെ നന്ദിയുള്ളവനാണ്' -ചിത്രത്തിനൊപ്പം അന്ന് റിങ്കു കുറിച്ചതിങ്ങനെ.

Similar News