ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ ആരോഗ്യനില അതീവ ഗുരുതരം
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ (81) അതീവ ഗുരുതരാവസ്ഥയില്‍ . കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ അതീവ ഗുരുതരമാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സ്ഥാപക നേതാവാണ് ഷിബു സോറന്‍.
നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്റര്‍ സൗകര്യത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ ശനിയാഴ്ച വൈകീട്ടോടെ അറിയിച്ചു.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ കഴിഞ്ഞ ജൂണ്‍ 24-ന് അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സ്ഥാപക നേതാവായ ഷിബു സോറന്‍, 38 വര്‍ഷമാണ് പാര്‍ട്ടിയെ നയിച്ചത്.
ഇതിനിടെ, ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മികച്ച ചികിത്സയ്ക്കായി അദ്ദേഹത്തെ വ്യോമമാര്‍ഗം അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.