കാമുകനൊപ്പം ഒളിച്ചോടാന്‍ അഞ്ച് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍; ക്രൂരത ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത്
അഞ്ച് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
അഗര്‍ത്തല: കാമുകന് ഒപ്പം ഒളിച്ചോടാന്‍ അഞ്ച് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഭര്‍ത്താവ് അമിത് ദെബ്ബര്‍മ റബ്ബര്‍ തോട്ടത്തില്‍ ജോലിക്കു പോയ സമയത്തായിരുന്നു മകള്‍ റിമിയെ മാതാവായ സുചിത്ര കൊലപ്പെടുത്തിയത്. ത്രിപുരയിലെ സെപാഹിജാല ജില്ലയിലാണ് സംഭവം. ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന യുവാവുമായി ഒളിച്ചോടാന്‍ വേണ്ടിയാണ് യുവതി തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സോണാമുര പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് തപസ് ദാസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍, കുഞ്ഞിനെ കൊന്ന് മറ്റൊരു പുരുഷനുമായി ഒളിച്ചോടാന്‍ ആഗ്രഹിച്ചിരുന്നതായി യുവതി മൊഴി നല്‍കി. പൊലീസ് സംഘം വീട്ടിലെത്തിയപ്പോള്‍, കുട്ടി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. അമ്മയെ കാണാനില്ലെന്നും കണ്ടെത്തി. ഉടന്‍ കുട്ടിയെ സോണാമുര സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അവിടെ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നാളെ നടക്കും. ഗ്രാമത്തില്‍നിന്നു തന്നെ യുവതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.