പഴങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി; 11കാരി മാസം തികയാതെ പ്രസവിച്ചു; രണ്ട് കുട്ടികളുടെ പിതാവായ 31കാരന്‍ അറസ്റ്റില്‍

11കാരി മാസം തികയാതെ പ്രസവിച്ചു; രണ്ട് കുട്ടികളുടെ പിതാവായ 31കാരന്‍ അറസ്റ്റില്‍

Update: 2025-09-07 07:53 GMT

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ 11വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 31കാരന്‍ അറസ്റ്റില്‍. മാസങ്ങളായ നിരന്തരം പീഡനത്തിന് ഇരയായ 11വയസുകാരി മാസം തികയാതെ പ്രസവിക്കുകയായിരുന്നു. കുഞ്ഞ് ജനിച്ച് മിനിറ്റുകള്‍ക്കകം മരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റഷീദ് എന്ന 31കാരനെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വെളളിയാഴ്ച വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബറേലിയിലെ ജില്ല വനിത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും മരിച്ചുവെന്ന് വാര്‍ത്ത ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഴങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. വിവരം പുറത്താരോടും പറയരുതെന്നും പറഞ്ഞാല്‍ ബന്ധുക്കളെ ഉപദ്രവിക്കുമെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതായും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

പോക്‌സോ അടക്കം വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിതൃത്വ പരിശോധനക്കായി ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചതായി നവാഗ്ഗഞ്ച് പൊലീസ് മേധാവി അരുണ്‍കുമാര്‍ ശ്രീവാസ്തവ അറിയിച്ചു. പ്രസവസമയത്തുണ്ടായ അമിത രക്തസ്രവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സി.എം.എസ് ആശുപത്രിയിലെ ഡോക്ടര്‍ ത്രിഭുവന്‍ പ്രസാദ് പറഞ്ഞു.

Similar News