വിവാഹം കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി; പിന്നാലെ പോലീസിൽ പരാതി നൽകി; വിവാഹമോചനം വേണമെന്ന ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

Update: 2025-10-15 17:12 GMT

ചിക്കമംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചിക്കമംഗളൂരു ജില്ലയിലെ ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. ഹവള്ളി സ്വദേശിനി നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നവീനെതിരെ (39) പോലീസ് കേസെടുത്തു. അഞ്ചുമാസം മുൻപാണ് സകലേശ്പുരം സ്വദേശിയായ നവീനും നേത്രാവതിയും വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ നേത്രാവതി പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരെയും ഒരുമിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവാഹമോചനം വേണമെന്ന നിലപാടിലായിരുന്നു നേത്രാവതി. ഇതിനിടെ, മൂന്നുദിവസം മുൻപ് നവീൻ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് നേത്രാവതി ആൽദൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ പോലീസ് കേസെടുത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നേത്രാവതിയെ ചിക്കമംഗളൂരു നഗരത്തിലെ മല്ലഗൗഡ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Tags:    

Similar News