20 വർഷമായി പരിപാലിച്ചത് സ്വന്തം കുഞ്ഞിനെപ്പോലെ; വെട്ടിമാറ്റിയ അരയാൽമരത്തിന് ചുവട്ടിലിരുന്ന് പൊട്ടിക്കരഞ്ഞ് വൃദ്ധ; രണ്ട് പേർ അറസ്റ്റിൽ; കേന്ദ്രസഹമന്ത്രി കിരൺ റിജിജു പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

Update: 2025-10-15 14:42 GMT

റായ്പൂർ: ഛത്തീസ്ഗഢിൽ, 20 വർഷത്തോളം സ്നേഹത്തോടെ പരിപാലിച്ച അരയാൽ മരം മുറിച്ചുമാറ്റിയതിനെ തുടർന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ കരയുന്ന 85 വയസ്സുള്ള ദിയോല ബായിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവാണ് ഹൃദയഭേദകമായ ഈ കാഴ്ചയുടെ വിഡിയോ പങ്കുവെച്ചത്. 'ഛത്തീസ്ഗഡിലെ ഈ ദൃശ്യങ്ങൾ ഹൃദയഭേദകമായ കാഴ്ചയാണ്. താൻ 20 വർഷം മുമ്പ് നട്ടുവളർത്തിയ അരയാൽമരത്തെ വെട്ടിമാറ്റിയ ആഘാതത്തിൽ കരയുകയാണ് വൃദ്ധ,' അദ്ദേഹം എക്‌സിൽ കുറിച്ചു.

സംഭവം നടന്നത് ഛത്തീസ്ഗഢിലെ ഖൈരാഗഡ് ജില്ലയിലെ സാറാ ഗോണ്ടി ഗ്രാമത്തിലാണ്. ദിയോല ബായി തന്റെ വീട്ടുമുറ്റത്ത് 20 വർഷം മുൻപ് നട്ടുവളർത്തിയ അരയാലാണ് അയൽവാസികൾ വെട്ടിമാറ്റിയത്. വെള്ളം കോരിയും വളമിട്ടും കുഞ്ഞിനെപ്പോലെ സംരക്ഷിച്ചുവന്ന മരത്തെയാണ് നഷ്ടപ്പെട്ടതെന്ന് ദിയോല ബായിയെ ഉദ്ധരിച്ച് പ്രദേശവാസികൾ പറഞ്ഞു. മരം മുറിക്കുന്നത് തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായി.

ഒക്ടോബർ 5-ന് ഖൈരാഗഡ് സ്വദേശി ഇമ്രാൻ മേമനും സഹായിയും ചേർന്ന് മരം മുറിച്ചതായി പ്രദേശവാസികൾ പോലീസിന് നൽകിയ മൊഴിയിലുണ്ട്. നാട്ടുകാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അടുത്ത ദിവസം മരം പൂർണ്ണമായും മുറിച്ചുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇമ്രാൻ മേമനും ലാൽപൂർ സ്വദേശി പ്രകാശ് കോസ്ര എന്ന സഹായിയും അറസ്റ്റിലായതായി ഖൈരാഗഡ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ ശർമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സമീപത്ത് പുതുതായി വാങ്ങിയ പ്ലോട്ടിന്റെ മുൻവശത്തെ സർക്കാർ ഭൂമി നിരപ്പാക്കുന്നതിന്റെ ഭാഗമായാണ് മരം മാറ്റിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇമ്രാൻ മേമൻ കാവൽ നിന്നപ്പോൾ പ്രകാശ് കോസ്രയാണ് കട്ടിങ് മെഷീൻ ഉപയോഗിച്ച് മരം മുറിക്കാൻ സഹായിച്ചത്.

സംഭവശേഷം പ്രതികൾ മുറിക്കാനുപയോഗിച്ച കട്ടിങ് മെഷീൻ പുഴയിലെറിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. മെഷീൻ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 298 പ്രകാരം മതവികാരം വ്രണപ്പെടുത്താനുളള ബോധപൂർവമായ ഉദ്ദേശം,3(5) എന്നിവയാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുളളത്.

Tags:    

Similar News