'ചലോ ജീത്തേ ഹേന്‍'! ഗുജറാത്തിലെ വഡ്‌നഗറിലുള്ള നരേന്ദ്ര അഥവാ നാരു എന്ന ബാലനെക്കുറിച്ചുള്ള ഹ്രസ്വചിത്രം; ബിഹാറില്‍ മോദിയുടെ ബാല്യകാലത്തെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി

ബിഹാറില്‍ മോദിയുടെ ബാല്യകാലത്തെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി

Update: 2025-09-16 11:05 GMT

പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലത്തെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും പരിഹസിക്കുന്ന എഐ വീഡിയോ കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വിവാദമായിരുന്നു. ഇതിനിടെയാണ് മോദിയെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നത്. മോദി തന്റെ കുട്ടിക്കാലം ചെലവഴിച്ച, ഗുജറാത്തിലെ വഡ്‌നഗറിലുള്ള നരേന്ദ്ര അഥവാ നാരു എന്ന ബാലനെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വചിത്രം.

രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സേവനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ള 'ചലോ ജീത്തേ ഹേന്‍' എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാണ് ബിഹാര്‍ ബിജെ.പിയുടെ തീരുമാനം.ഇതിനായി വലിയ സ്‌ക്രീനുകളുള്ള 243 വാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനം 'സേവന പക്ഷാചരണ'മായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പട്‌നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ഈ 'സേവാ രഥ' വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തതിന്റെ വിവരങ്ങള്‍ ബിഹാര്‍ ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചു.

''വരും ദിവസങ്ങളില്‍ ഈ രഥങ്ങള്‍ ബിഹാറിലെ ഓരോ ഗ്രാമത്തിലും ഓരോ തെരുവിലും ഓരോ പ്രദേശത്തും എത്തും. രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം കേവലം അധികാരമല്ല, മറിച്ച് സമൂഹത്തിനുള്ള സേവനവും അവസാനത്തെ വ്യക്തിയിലേക്ക് വരെ മാറ്റം എത്തിക്കലുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും,'' ബിജെപി എക്സ് ഹാന്‍ഡിലില്‍ കുറിച്ചു.

Similar News