ബിഹാറില്‍ മഹാസഖ്യത്തിന് യാതൊരുതരത്തിലുള്ള ആശയക്കുഴപ്പവും ഇല്ല; സമയമാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് തേജസ്വി യാദവ്
പട്‌ന: ബിഹാറില്‍ മഹാസഖ്യത്തിന് യാതൊരുതരത്തിലുള്ള ആശയക്കുഴപ്പവും ഇല്ലെന്നും സമയമാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്ന് തേജസ്വി യാദവ് പ്രതികരിച്ചത് വിവാദമായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള സഖ്യ കക്ഷികളുമായി സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയായിരുന്നു തേജസ്വി യാദവിന്റെ പ്രഖ്യാപനം. വിവാദങ്ങള്‍ക്കിടെയാണ് മഹാസഖ്യത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് തേജസ്വി വ്യക്തമാക്കിയത്.
'സഖ്യത്തില്‍ യാതൊരുതരത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ല. ജനങ്ങളാണ് ബിഹാറിലെ ഉടമകള്‍, അവരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഇത്തവണ അവര്‍ മാറ്റം ആഗ്രഹിക്കുന്നു. ബിഹാറിലെ ഓരോ ജനങ്ങളോടും നിങ്ങള്‍ ചോദിച്ചു നോക്കു, ആരാകണം മുഖ്യമന്ത്രി എന്ന്. അവര്‍ പറയും അതിനുള്ള ഉത്തരം'- തേജസ്വി യാദവ് പറഞ്ഞു.
സീറ്റ് വിഭജനത്തില്‍ ഉടക്കി ആര്‍ജെഡി ബിഹാറില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ബിഹാറിലെ മുഴുവന്‍ സീറ്റുകളിലും തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള തേജസ്വിയുടെ പ്രസംഗം വന്‍ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പ്രതിപക്ഷ നിരയില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി തന്നെ മുമ്പോട്ട് വരികയും ചെയ്തിരുന്നു. ഇത് ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍ എന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വിശദീകരണവുമായി തേജസ്വി തന്നെ രംഗത്തെത്തിയത്.