'ഇത് പുതിയ ഇന്ത്യയാണ്; ആണവഭീഷണികളെ ഭയപ്പെടുന്നില്ല; വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ കഴിയും'; ഓപ്പറേഷന്‍ സിന്ദൂറിനെയും സൈനികരുടെ ധീരതയെയും പുകഴ്ത്തി നരേന്ദ്ര മോദി
ഭോപ്പാല്‍: പുതിയ ഇന്ത്യ ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെ കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് മുട്ടുകുത്തിച്ചു. ഇത് പുതിയ ഇന്ത്യയാണ്, ഒന്നിനേയും അത് ഭയപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ വാനോളം പുകഴ്തിയ പ്രധാനമന്ത്രി സൈനികരുടെ ധീരതയേയും പ്രശംസിച്ചു. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഇത് പുതിയ ഇന്ത്യയാണ്, ഒന്നിനേയും അത് ഭയപ്പെടുന്നില്ല. പുതിയ ഇന്ത്യ ആണവഭീഷണികളെ ഭയപ്പെടുന്നില്ല. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് മോദി പറഞ്ഞു. നേരത്തെ, തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ ആണവയുദ്ധമുണ്ടാകുമെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുണ്ടായ നഷ്ടത്തെ കുറിച്ച് ജെയ്ഷെ മുഹമ്മദ് നടത്തിയ തുറന്നുപറച്ചിലിലൂടെ, ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ പാകിസ്താന്റെ പങ്കാണ് തുറന്നുകാട്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഭീകരരുടെ ലോഞ്ച് പാഡുകളാണ് വെളിച്ചത്തുകൊണ്ടുവന്നത്, ജെയ്ഷെ മുഹമ്മദ് പാകിസ്താന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുബം ഛിന്നിച്ചിതറിയെന്ന് കഴിഞ്ഞ ദിവസം ജെയ്ഷെ കമാന്‍ഡര്‍ മസൂദ് ഇല്ല്യാസ് വെളിപ്പെടുത്തിയിരുന്നു.
ഉത്സവകാലത്ത് ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള പാത ആത്മനിര്‍ഭര്‍ ഭാരതിലൂടെയാണ്. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ആ പണം രാജ്യത്ത് തുടരുന്നു, അത് വികസന പദ്ധതികളെ പിന്തുണക്കുന്നുവെന്നും മോദി പറഞ്ഞു. 'സ്വസ്ത് നാരി സശക്ത് പരിവാര്‍', 'രാഷ്ട്രീയ പോഷന്‍ മാഹ്' എന്നീ കാമ്പെയ്നുകള്‍ക്കും 75-ാം ജന്മദിനത്തില്‍ അദ്ദേഹം തുടക്കമിട്ടു. ധറില്‍ പുതുതായി ആരംഭിക്കുന്ന 'പ്രധാന്‍ മന്ത്രി മെഗാ ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍ റീജിയണ്‍ ആന്‍ഡ് അപ്പാരല്‍ പാര്‍ക്കിനും' മോദി തറക്കല്ലിട്ടു തറക്കല്ലിട്ടു.