ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മൂന്നാമതൊരു കക്ഷിയെ ഇടപെടാന്‍ അനുവദിക്കില്ല; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നത് ഇന്ത്യയുടെ മാത്രം അവകാശമെന്ന് രാജ്നാഥ് സിങ്

Update: 2025-09-17 12:36 GMT

ഹൈദരാബാദ്: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മൂന്നാമതൊരു കക്ഷിയെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നത് ഇന്ത്യയുടെ മാത്രം അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭാഷണങ്ങള്‍ പരാജയപ്പെട്ടാല്‍ കഠിനമായ മാര്‍ഗം ഉപയോഗിക്കാന്‍ ഇന്ത്യ മടിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. ഓപറേഷന്‍ സിന്ദൂര്‍ സമയത്ത് വിദേശ ഇടപെടലുകള്‍ ഉണ്ടായെന്ന വാദങ്ങള്‍ ഇന്ത്യ തിരസ്‌കരിച്ചു. ഹൈദരാബാദ് വിമോചന ദിനത്തോടനുബന്ധിച്ച് തെലങ്കാനയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹിഷ്ണുതക്കും സംഭാഷണങ്ങള്‍ക്കും ഇന്ത്യ വില കല്‍പിക്കുന്നുണ്ടെങ്കിലും അവ പരാജയപ്പെടുന്ന ഘട്ടങ്ങളില്‍ കഠിനമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി. 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കും 2019ലെ ബാലാക്കോട്ട് വ്യോമാക്രമണവും ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. സംഭാഷണത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ സമാധാനത്തിന്റെയും സന്മനസിന്റെയും ഭാഷ മനസ്സിലാകാത്തവര്‍ക്ക് എങ്ങനെയാണ് തക്കതായ മറുപടി നല്‍കേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഓപറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ഒളിത്താവളങ്ങളില്‍ സൈന്യം ആക്രമണം നടത്തിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മറ്റൊരു ആക്രമണമുണ്ടായാല്‍ ഓപറേഷന്‍ സിന്ദൂര്‍ വീണ്ടും പൂര്‍ണ ശക്തിയോടെ പുനരാരംഭിക്കും.

ഹൈദരാബാദ് വിമോചന ദിനം പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റേതു കൂടിയാണെന്ന് രാജ്നാഥ് സിങ് ഓര്‍മിപ്പിച്ചു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും പ്രശംസിച്ചു. സര്‍ദാര്‍ പട്ടേലിനെപ്പോലെ നമ്മുടെ പ്രധാനമന്ത്രിയും സാംസ്‌കാരികമായും സാമൂഹികമായും ആത്മീയമായും സാമ്പത്തികമായും ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Similar News