പോലിസ് പരിപാടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല; എല്ലാത്തിനും കാരണം സെന്തില്‍ ബാലാജി: കടുത്ത മാനസിക വിഷമം മൂലം ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി

ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി

Update: 2025-09-30 04:03 GMT

കരൂര്‍: കരൂര്‍ അപകടത്തില്‍ മനംനൊന്ത് ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. വി.അയ്യപ്പനാണ് (52) കടുത്ത മനോവിഷമത്തെ തുടര്‍ന്ന് കുറിപ്പ് എഴുതിവച്ചശേഷം വീട്ടില്‍ ജീവനൊടുക്കിയത്. ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പില്‍ പരാമര്‍ശമുണ്ട്. എല്ലാത്തിനും കാരണം സെന്തില്‍ ബാലാജിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിലുണ്ട്.

20 വര്‍ഷമായി വിജയ് ഫാന്‍സ് അസോസിയേഷനില്‍ അംഗമാണ്. ദുരന്തത്തെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്. ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്. കരൂരില്‍ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച ദുരന്തത്തില്‍, ഒളിവിലായിരുന്ന ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ ഇന്നലെ അറസ്റ്റിലായി. ജനറല്‍ സെക്രട്ടറി എന്‍.ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആര്‍.നിര്‍മല്‍ കുമാര്‍ എന്നിവരെ കണ്ടെത്താന്‍ 5 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു.

പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ നടന്‍ വിജയ്ക്കും പാര്‍ട്ടിക്കുമെതിരെയാണു കുറ്റപ്പെടുത്തല്‍. ആള്‍ക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാന്‍ യോഗം വൈകിപ്പിച്ച നടന്‍, അനുമതിയില്ലാതെയാണു റോഡ് ഷോ നടത്തിയത്. വേദിയില്‍ എത്താന്‍ മനഃപൂര്‍വം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകര്‍ക്കു പലതവണ മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കിയെങ്കിലും അവഗണിച്ചു. 25 പേര്‍ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. സിബിഐ അന്വേഷണം അടിയന്തരമായി പരിഗണിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചേക്കും.

Tags:    

Similar News