ആദ്യഭാര്യ മരിച്ച 75കാരനെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; വധു 35കാരി; പിറ്റേ ദിവസം വരന്‍ മരിച്ച നിലയില്‍; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
ജൗന്‍പൂര്‍: 35കാരിയെ വിവാഹം ചെയ്ത് പിറ്റേ ദിവസം 75കാരന്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ കുഛ്മുഛ് ഗ്രാമത്തിലാണ് സംഭവം. സന്‍ഗ്രുറാം (75) ആണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യഭാര്യ മരിച്ച വയോധികന്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രണ്ടാം വിവാഹം കഴിച്ചത്.
ഗ്രാമത്തിലെ മുതിര്‍ന്ന കൃഷിക്കാരനാണ് സന്‍ഗ്രുറാം. ജലാല്‍പൂര്‍ സ്വദേശിയായ മന്‍ബാവതി (35) ആയിരുന്നു വധു. സെപ്റ്റംബര്‍ 29ന് നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ പിന്നാലെ പ്രദേശത്തെ ക്ഷേത്രാചാരപ്രകാരവും വിവാഹിതരായി.
ചടങ്ങിനുശേഷം വീട്ടുകാര്യങ്ങള്‍ ഏറ്റെടുക്കണമെന്നമെന്ന് തന്നോട് സന്‍ഗ്രുറാം നിര്‍ദേശിച്ചുവെന്ന് മന്‍ബാവതി പറഞ്ഞു. കുട്ടികളെ പരിപാലിക്കുന്നതടക്കം കാര്യങ്ങള്‍ താന്‍ ഏറ്റെടുക്കുമെന്ന് ഉറപ്പുനല്‍കി. വിവാഹ രാത്രിയില്‍ ഇരുവരും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നതായും മന്‍ബാവതി പറഞ്ഞു.
പിറ്റേദിവസം രാവിലെ, സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. തുടര്‍ന്ന്, ആശുപത്രിയിലെത്തിച്ചെങ്കിലും സന്‍ഗ്രുറാം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതിനിടെ സന്‍ഗ്രുറാമിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഗ്രാമവാസികളും ബന്ധുക്കളും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നത് ഒരുവിഭാഗം തടഞ്ഞു. ഡല്‍ഹിയിലുള്ള സന്‍ഗ്രുറാമിന്റെ അനന്തിരവന്‍മാര്‍ അടക്കമുള്ളവര്‍ എത്തിയാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.