പശ്ചിമബംഗാളില്‍ കനത്ത മഴ; ഡാര്‍ജിലിംഗില്‍ മണ്ണിടിച്ചിലില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം; ഇരുമ്പ്പാലം തകര്‍ന്ന് വന്‍നാശനഷ്ടം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്തമഴയും മണ്ണിടിച്ചിലും. ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഡാര്‍ജിലിങ് ജില്ലയിലെ മിരിക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. കനത്തമഴയെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. മിരിക്-കുര്‍സേങ് നഗരത്തെ ബന്ധിപ്പിക്കുന്ന ദുദിയ ഇരുമ്പ് പാലവും മണ്ണിടിച്ചിലില്‍ തകര്‍ന്നു.
കുര്‍സിയോങ്ങിന് സമീപം ദേശീയപാത 110ല്‍ സ്ഥിതി ചെയ്യുന്ന ഹുസൈന്‍ ഖോളയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഗ്രാമങ്ങള്‍ മുതല്‍ ദേശീയ പാതകള്‍ വരെയുളള റോഡുകള്‍ മണ്ണിനടിയിലായി. ഡാര്‍ജിലിംഗ്, കലിംപോംഗ്, കൂച്ച് ബെഹാര്‍, ജുല്‍പായ്ഗുരി. അലിപുര്‍ദുവാര്‍ എന്നിവിടങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുളളതിനാല്‍ മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡാര്‍ജിലിംഗിന്റെ അയല്‍ ജില്ലയായ അലിപുര്‍ദുവാറില്‍ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര ജില്ലകളില്‍ രാത്രി മുഴുവന്‍ തുടര്‍ച്ചയായി മഴ പെയ്തതോടെ ജല്‍പായ്ഗുരിയിലെ മാല്‍ബസാറിലെ ഒരു വലിയ പ്രദേശം മുഴുവന്‍ വെളളത്തിടിയിലായി.
തിങ്കളാഴ്ച രാവിലെ വരെ ഡാര്‍ജിലിംഗിലെ മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാമെന്നും, ഇതേ കാലയളവില്‍ തെക്കന്‍ ബംഗാളിലെ മുര്‍ഷിദാബാദ്, ബിര്‍ഭം, നാദിയ ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തിസ്ത, മല്‍ തുടങ്ങിയ നദികള്‍ അപകടനിരപ്പിലും ഉയരെ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതുമൂലം പ്രളയസമാനമായ സാഹചര്യമാണ് പ്രദേശത്തുനില്‍ക്കുന്നത്. ബിഹാറിലെ വടക്ക്-വടക്കുകിഴക്കന്‍ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ള ന്യൂനമര്‍ദം ശനിയാഴ്ച വൈകുന്നേരത്തോടെ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.