സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ 21കാരിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു; മൃതദേഹം വീട്ടുകാരറിയാതെ സംസ്‌കരിച്ചു; അമ്മയുടെ പരാതിയില്‍ അന്വേഷണം

Update: 2025-10-05 09:23 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്തീധനത്തിന്റെ പേരില്‍ 21കാരിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. മെയിന്‍പുരി ജില്ലയിലെ ഗോപാല്‍പൂര്‍ ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇത് കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് അടിച്ചു കൊന്നതെന്ന് പൊലീസ് പറയുന്നു.

രജനി കുമാരിയെന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സചിനും ബന്ധുക്കളും ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. സചിന് പുറമേ സഹോദരങ്ങളായ പ്രാന്‍ഷു, സഹബാഗ് ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവരും കേസില്‍ പ്രതികളാണ്. അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി രജനിയെ ഉപദ്രവിക്കുമായിരുന്നു.

വെള്ളിയാഴ്ചയാണ് രജനിയെ ഇവര്‍ തല്ലിക്കൊന്നത്. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തില്‍ മൃതദേഹം നശിപ്പിച്ചത്. തുടര്‍ന്ന് മകളുടെ മരണത്തില്‍ അമ്മ സുനിത ദേവി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് മെയിന്‍പുരി എ.സി.പി അറിയിച്ചു.

Similar News