കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
മംഗളൂരു: പച്ചെതൊഡിക്ക് സമീപം കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്ന കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചാമരാജനഗര്‍ ഹനൂര്‍ താലൂക്കിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലാണ് സംഭവം. സി.എ.പച്ചേമല്ലു (40), വി.ഗണേഷ് (39), കെ.ശംഭു (38) എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ഹനൂര്‍ കോടതിയില്‍ ഹാജരാക്കി. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കല്‍ മാറ്റിവെച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേരെ പൊലീസ് തിരിച്ചറിഞ്ഞു. അറസ്റ്റിലായവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത ഗോവിന്ദ് ഗൗഡക്ക് കൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തി വിട്ടയച്ചു, നാലു പ്രതികള്‍ ഒളിവിലാണെന്നും അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.