പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നയാക്കി ആക്രമിച്ചു; മുറിയില്‍ പൂട്ടിയിട്ട് ലഹരി വലിപ്പിച്ചു; വിഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Update: 2025-10-09 16:43 GMT

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നയാക്കി ആക്രമിക്കുകയും മുറിയില്‍ പൂട്ടിയിട്ട് നിരോധിത ലഹരി സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വിഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. ഗോവിന്ദ രാജനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പൊലീസ് സ്റ്റേഷനിലെ സമൂഹ മാധ്യമ മോണിറ്ററിങ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ശനിയാഴ്ച വിഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വിഡിയോ പിന്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത പൊലീസ് അക്രമികളെ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വിഡിയോയിലെ ഇരയായ പെണ്‍കുട്ടിയെ പൊലീസ് സംഘം കണ്ടെത്തി.

കുറച്ച് ആണ്‍കുട്ടികള്‍ ആറ് മാസത്തോളമായി പലപ്പോഴായി തന്നെ മുറിയില്‍ പൂട്ടിയിട്ട് നിരോധിത മയക്കുമരുന്ന് അടങ്ങിയ സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ചതായി കുട്ടി പൊലീസിന് മൊഴി നല്‍കി. വിസമ്മതിച്ചപ്പോള്‍ അവര്‍ ആക്രമിക്കുകയും മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഉള്‍പ്പെട്ട ആറ് പ്രായപൂര്‍ത്തിയാകാത്തവരെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. അവരില്‍ ഒരാളുടെ വീടിന്റെ ടെറസിലെ മുറിയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ആറ് പ്രായപൂര്‍ത്തിയാകാത്തവരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് മഡിവാലയിലെ ഗവ. ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

Similar News