ഗുജറാത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പത്ത് പേര്‍ക്ക് പരിക്ക്; മുപ്പതോളം വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു
ന്യൂഡല്‍ഹി: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ മജ്റ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ്. പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ 30 ലധികം വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തുവെന്ന് സബര്‍കാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) അതുല്‍ പട്ടേല്‍ പറഞ്ഞു. രാത്രി പത്തരയോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാഗവും കല്ലെറിയും തീവെക്കുകയും ചെയ്തു. 110 മുതല്‍ 120 വരെ ആളുകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ദീര്‍ഘകാലമായുള്ള ശത്രുതയാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.