ഒളിച്ചോടി വിവാഹം; ബന്ധുക്കളറിഞ്ഞതോടെ സംഘര്‍ഷം; തര്‍ക്കം പരിഹരിക്കാനെത്തിയ വധുവിന്റെ ബന്ധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; കൊടുംക്രൂരത ഗര്‍ഭിണിയായ ഭാര്യയുടെ മുന്‍പില്‍വച്ച്
ദുര്‍ഗ്: ഒളിച്ചോടി വിവാഹിതരായതിന്റെ പേരില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ വധുവിന്റെ ബന്ധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ദുര്‍ഗിലാണ് സംഭവം. വിവാഹം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വധുവിന്റെ ബന്ധുവായ നീരജ് താക്കൂര്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരുള്‍പ്പെടെ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെ നീരജ് ആക്രമിക്കപ്പെട്ടത്. വിവാഹിതരായ പൂജയും തിലക് സാഹുവും കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചിരുന്നു. ഈ വിവാഹവാര്‍ത്ത ബന്ധുക്കളറിഞ്ഞപ്പോള്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി.
പിന്നാലെ പൂജയുടെ കുടുംബാംഗങ്ങളും തിലകിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ രൂക്ഷമായ തര്‍ക്കവും ഏറ്റുമുട്ടലുമുണ്ടായി. സാഹചര്യം വഷളാക്കരുതെന്നും നടന്നതെല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നും ഇരുപക്ഷത്തോടും ആവശ്യപ്പെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താക്കൂറിന് മര്‍ദനമേറ്റത്.
പിന്നാലെ തിലകിന്റെ ബന്ധുക്കള്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് മൂര്‍ച്ചയുള്ള വടികളും കത്തിയും ഉപയോഗിച്ച് താക്കൂറിനെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ താക്കൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്ത ആറുപേരില്‍ മൂന്നുപേരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ബാക്കിയുള്ളവരുടെ പേരില്‍ കൊലപാതകത്തിന് കേസെടുത്തു.