വിവാഹം കഴിഞ്ഞത് അഞ്ച് മാസം മുമ്പ്; ദീപാവലി ആഘോഷങ്ങൾക്കായി വീട്ടിൽ നിൽക്കണമെന്ന് ഭർത്താവ്; നടക്കില്ലെന്ന് ഭാര്യ; കനാലിൽ ചാടിയ 26കാരന്റെ മൃതദേഹം കണ്ടെത്തി
ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ 26-കാരൻ കനാലിൽ ചാടി ജീവനൊടുക്കിയത് ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന്. ബാരബങ്കി സ്വദേശിയായ ബബ്ലു ശർമ്മയാണ് മരിച്ചത്. അഞ്ചുമാസം മുൻപാണ് ഇയാൾ പൂജ എന്ന യുവതിയെ വിവാഹം കഴിച്ചത്. 24 മണിക്കൂർ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ ഞായറാഴ്ച ഉച്ചയോടെ ബബ്ലുവിന്റെ മൃതദേഹം കനാലിൽനിന്ന് കണ്ടെത്തിയത്.
ദീപാവലി ആഘോഷങ്ങൾക്കായി പൂജ തന്റെയൊപ്പം വീട്ടിൽ നിൽക്കണമെന്നായിരുന്നു ബബ്ലുവിന്റെ ആഗ്രഹം. എന്നാൽ, ആഘോഷങ്ങളുടെ ഭാഗമായി താൻ അമ്മയുടെ വീട്ടിലേക്ക് പോകുകയാണെന്നും ഇത്തവണ ഭർതൃഗൃഹത്തിൽ ദീപാവലി ആഘോഷിക്കാൻ സാധിക്കില്ലെന്നും പൂജ നിലപാടെടുത്തു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് ബബ്ലുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.
തർക്കത്തെ തുടർന്ന് ഭാര്യ പൂജയുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബബ്ലു, ഇന്ദിര കനാലിനടുത്തെത്തിയപ്പോൾ വാഹനം നിർത്തുകയായിരുന്നു. പൂജ ബൈക്കിന് സമീപം നിൽക്കുമ്പോൾ ബബ്ലു ഒറ്റയ്ക്ക് മുന്നോട്ട് നടന്നുപോവുകയും കനാലിൽ ചാടി ജീവനൊടുക്കുകയുമായിരുന്നു. സംഭവം ഉടൻ തന്നെ പൂജ വീട്ടുകാരെയും പോലീസിനെയും അറിയിച്ചു.