ബിഹാറില്‍ വികസനങ്ങള്‍ എത്തിയത് എന്‍ഡിഎ സര്‍ക്കാര്‍ വന്നതിന് ശേഷമെന്ന് നിതീഷ് കുമാര്‍; മുഖ്യമന്ത്രിയെ സഖ്യകക്ഷികള്‍ തീരുമാനിക്കുമെന്ന് അമിത് ഷാ

Update: 2025-10-21 13:47 GMT

പട്‌ന: ബിഹാറിന്റെ വികസനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. കുട്ടികള്‍ക്കായി വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. വനിതകള്‍ക്കായി പ്രത്യേകം പദ്ധതികള്‍ കൊണ്ടുവന്നു. മുസാഫിര്‍പൂരില്‍ ബൈപ്പാസ് , റോഡ് എന്നിവ നിര്‍മ്മിച്ചു. മീനാപൂരില്‍ വെല്‍നെസ് സെന്ററുകള്‍ കൊണ്ടുവന്നു. എന്‍ഡിഎ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ബിഹാറില്‍ വികസനങ്ങള്‍ എത്തിയത്. മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി എന്‍ഡിഎയില്‍ വിള്ളല്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സഖ്യം മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. നിലവില്‍, ഞങ്ങള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം, സഖ്യകക്ഷികള്‍ എല്ലാം ഒരുമിച്ച് ഇരുന്ന് തങ്ങളുടെ നേതാവിനെ തീരുമാനിക്കും.'- അമിത് ഷാ പറഞ്ഞു.

2020-ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ഒരു കാര്യവും അമിത് ഷാ വെളിപ്പെടുത്തി 'ബിഹാറിന് ഒരു ബി.ജെ.പി. മുഖ്യമന്ത്രി ഉണ്ടാകണമെന്ന് നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. കാരണം, ബി.ജെ.പിക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ എപ്പോഴും സഖ്യത്തെ ബഹുമാനിച്ചു, അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനവും സീനിയോരിറ്റിയും കണക്കിലെടുത്താണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത്,' അമിത് ഷാ പറഞ്ഞു.

Similar News