'തെളിവുകളുടെ പിന്തുണയില്ലാതെ കേസില്‍ 'ശാരീരിക ബന്ധം' എന്ന പദം ഉപയോഗിക്കരുത്; ബലാത്സംഗം കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിയില്ല': പോക്‌സോ കേസില്‍ നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി

Update: 2025-10-21 15:37 GMT

ന്യൂഡല്‍ഹി: തെളിവുകളുടെ പിന്തുണയില്ലാതെ കേസില്‍ 'ശാരീരിക ബന്ധം' എന്ന പദം ഉപയോഗിക്കുന്നത് ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമ കുറ്റങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. 'ശാരീരിക ബന്ധം' സ്ഥാപിച്ചതായി ഇരയായ കുട്ടിയും അവളുടെ മാതാപിതാക്കളും ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും, തെളിവുകളുടെ അഭാവത്തില്‍ ഈ പ്രയോഗം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് വ്യക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെ പത്തു വര്‍ഷം തടവിന് ശിക്ഷിച്ചതിനെതിരെയും തുടര്‍ന്ന് കുറ്റക്കാരല്ലെന്ന് വിധിച്ചതിനെതിരെയും നല്‍കിയ ഹര്‍ജി പരഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ''ഈ കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍, 'ശാരീരിക ബന്ധങ്ങള്‍' എന്ന പദം തെളിവുകളുടെ അകമ്പടിയോടെ വേണം പ്രയോഗിക്കാന്‍. അല്ലെങ്കില്‍ പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിയില്ല.'' കോടതി പറഞ്ഞു.

ഐപിസി സെക്ഷന്‍ 376, പോക്‌സോ ആക്ട് സെക്ഷന്‍ 6 എന്നിവ പ്രകാരം പ്രതിക്കെതിരായ ശിക്ഷ നിലനില്‍ക്കില്ലെന്ന് ഒക്ടോബര്‍ 17ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ജസ്റ്റിസ് മനോജ് കുമാര്‍ ഒഹ്രി പറഞ്ഞിരുന്നു. നിര്‍ഭാഗ്യകരമായ കേസെന്നാണ് സംഭവത്തെ കോടതി വിശേഷിപ്പിച്ചത്.

Similar News