ഹാജർ നിലയിൽ കുറവ്; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ചു; മുറിയിൽ പൂട്ടിയിട്ടു; പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസെടുത്ത് പോലീസ്

Update: 2025-10-21 09:49 GMT

ബംഗളൂരു: കർണാടകയിലെ ഹോയ്‌സാല നഗറിലെ സ്വകാര്യ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ പോലീസ് കേസെടുത്തു. ഒക്ടോബർ 14-നാണ് സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ വിദ്യാലയത്തിലെ പ്രിൻസിപ്പൽ രാകേഷും അധ്യാപിക ചന്ദ്രികയും ചേർന്നാണ് കുട്ടിയെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ചതെന്നും, രക്തം വരുന്നതുവരെ അടിച്ച ശേഷം വൈകുന്നേരം വരെ മുറിയിൽ പൂട്ടിയിട്ടതായും പറയുന്നു.

വിദ്യാലയത്തിലെ പ്രിൻസിപ്പൽ, ഉടമ, അധ്യാപിക എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രിൻസിപ്പലിനെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ഹാജർ നിലയിലുണ്ടായ കുറവാണ് കുട്ടിയെ മർദ്ദിക്കാൻ കാരണമെന്ന് പ്രിൻസിപ്പൽ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, കർണാടകയിലെ ചിത്രദുർഗയിൽ മറ്റൊരു വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മുത്തശ്ശിയെ ഫോൺ ചെയ്തെന്നാരോപിച്ച് അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഇതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Similar News