കാടിറങ്ങി ജനവാസ മേഖലയില്‍ നിരന്തരം പരിഭ്രാന്തി സൃഷ്ടിക്കുന്ന 'റോലക്‌സ്'; വൈദ്യുതി പോസ്റ്റ് തകര്‍ന്ന് ഷോക്കടിച്ചു; ഒറ്റയാന്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍
കോയമ്പത്തൂര്‍: ജനവാസമേഖലയില്‍ നിരന്തരം പരിഭ്രാന്തി പരത്തിയ ഒറ്റയാനയെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കൃഷിയിടത്തിലെ തോട്ടത്തിന്റെ ഓരത്തായി വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി പോസ്റ്റ് തകര്‍ക്കുന്നതിനിടെയാണ് ആനയ്ക്ക് ഷോക്കേറ്റത്. ഏകദേശം 25 വയസ് പ്രായമുള്ള ഒറ്റയാനയാണ് ചരിഞ്ഞതെന്നാണ് വിവരം. കോയമ്പത്തൂര്‍ ജില്ലയിലെ തോണ്ടമുത്തൂരിനടുത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബുധനാഴ്ച രാത്രി കാടിറങ്ങിയ ആന കുപ്പേപ്പാളയത്തിനടുത്തുള്ള രാമന്‍കുട്ടൈയിലെ കൃഷിയിടത്തില്‍ പ്രവേശിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതോടെ നിലത്ത് വീണ ലൈവ് വയറില്‍ നിന്നുള്ള ഷോക്കേറ്റ് ആന തല്‍ക്ഷണം ചരിയുകയായിരുന്നു.സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുടെ സംഘവും ഉടന്‍ സ്ഥലത്തെത്തി. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മാര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. വൈദ്യുതി ലൈനിന്റെ സുരക്ഷയില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.
അടുത്തിടെ മേഖലയില്‍ പതിവായി ഉണ്ടാകുന്ന ആനശല്യം നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തുന്നതിനിടെയാണ് സംഭവം. തോണ്ടമുത്തൂര്‍ വനമേഖലയില്‍ ആനകള്‍ പതിവായി കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും കടന്നുവരാറുണ്ടെന്നും ഇത് കൃഷിയും മറ്റും നശിപ്പിക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്യുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജനവാസ മേഖലയില്‍ കടന്നുകയറി പരിഭ്രാന്തി സൃഷ്ടിച്ച 'റോലക്‌സ്' എന്നറിയപ്പെടുന്ന ആനയെ വനംവകുപ്പ് പിടികൂടി മാറ്റിപ്പാര്‍പ്പിച്ചിരുന്നത്. വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന വേലികള്‍ ശക്തിപ്പെടുത്താനും ആനകളുടെ സഞ്ചാരം നിരീക്ഷിക്കാനും വൈദ്യുതി ലൈനുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.