ക്യൂവിൽ നിന്ന കാറിൽ ഇന്ധനം നിറക്കാൻ വൈകിയതിൽ തർക്കം; ജീവനക്കാരോട് കയർത്തത് ഭാര്യ അല്ലെന്ന് കണ്ടെത്തൽ; വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മജിസ്ട്രേറ്റിന് സസ്പെൻഷൻ

Update: 2025-10-24 09:10 GMT

ജയ്പൂർ: രാജസ്ഥാനിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ചതിന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് സസ്‌പെൻഷൻ. വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നുള്ള സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഛോട്ടു ലാൽ ശർമ്മയെ അധികൃതർ സസ്പെൻഡ് ചെയ്തത്. അധികാര ദുർവിനിയോഗം ആരോപിച്ച് പെട്രോൾ പമ്പ് ജീവനക്കാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ശർമ്മയുടെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. കാറിൽ ഭാര്യയാണെന്ന് പരിചയപ്പെടുത്തി ഒപ്പമുണ്ടായിരുന്ന ദീപിക വ്യാസ് എന്ന സ്ത്രീയും ജീവനക്കാരുമായി വാക്കേറ്റമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതാണ് പ്രശ്നത്തിന് കാരണമെന്ന് ദീപിക ആരോപിക്കുന്നു.

എന്നാൽ, നിയമപരമായി ഇവർ ശർമ്മയുടെ ഭാര്യയല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശർമ്മയുടെ ഭാര്യ പൂനം ശർമ്മയാണ്, അവർ നിലവിൽ കുട്ടികളുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. സംഘർഷത്തിന് കാരണം ക്യൂവിൽ നിന്ന കാറിൽ ഇന്ധനം നിറക്കാതെ അടുത്ത വാഹനത്തിലേക്ക് പോയതാണെന്ന് പോലീസ് വിശദീകരിക്കുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ജീവനക്കാരനെ മർദിച്ചതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. നേരത്തെയും സസ്പെൻഷൻ നേരിട്ട ഉദ്യോഗസ്ഥനാണ് ഛോട്ടു ലാൽ ശർമ്മ. 

Tags:    

Similar News