ഫിറോസാബാദില്‍ 20കാരന് നേരെ വെടിയുതിര്‍ത്തു; കേസില്‍ യുവമോര്‍ച്ച നേതാവിനെ പ്രതി ചേര്‍ത്തു

Update: 2025-10-24 07:51 GMT

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 20 വയസ്സുള്ള യുവാവിനെ രണ്ട് അക്രമികള്‍ വെടിവെച്ച കേസില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ പ്രതി ചേര്‍ത്തു. ഭാരതീയ ജനത യുവ മോര്‍ച്ച (ബി.ജെ.വൈ.എം) ജില്ലാ പ്രസിഡന്റ് അങ്കിത് തിവാരിയുടേതാണ് തോക്കെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

പ്രതികളായ സുമിത് കുമാറിനെയും 20 കാരനായ സഞ്ജയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍, തിവാരിയുടെ ലൈസന്‍സുള്ള തോക്കാണ് ഉപയോഗിച്ചതെന്ന് ഇരുവരും സമ്മതിച്ചു. ഇരയും സുമിത്തും തമ്മില്‍ പ്രണയബന്ധം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് വെടിപ്പില്‍ കലാശിച്ചതെന്നുമാണ് നിഗമനം.

വെടിവെപ്പില്‍ ബി.ജെ.വൈ.എം ജില്ലാ പ്രസിഡന്റ് അങ്കിത് തിവാരിയുടെ നേരിട്ടുള്ള പങ്കാളിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇയാള്‍ക്കെതിരെ ആയുധ നിയമത്തിലെ സെക്ഷന്‍ 30 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഫിറോസാബാദ് പോലീസ് പറഞ്ഞു. തിവാരി ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, സംഭവത്തില്‍ തിവാരിക്ക് പങ്കില്ലെന്ന് ബി.ജെ.പി ഫിറോസാബാദ് ജില്ലാ പ്രസിഡന്റ് സതീഷ് ദിവാകര്‍ ന്യായീകരിച്ചു.

ദീപാവലി ദിവസമായ ഒക്ടോബര്‍ 20നാണ് ഉച്ചകഴിഞ്ഞാണ് വെടിവെപ്പുണ്ടായത്. മാനവേന്ദ്ര എന്ന മോനുവിനെ പിതാവ് കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഒരു നഴ്‌സിങ് കോളേജില്‍ വെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാനവേന്ദ്രയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

അങ്കിത് തിവാരി ലൈസന്‍സുള്ള റിവോള്‍വര്‍ പ്രതി സുമിത്തിന്റെ പിതാവ് ബിജേന്ദ്ര യാദവിന് കൈമാറിയെന്ന് പൊലീസ് പറഞ്ഞു. തിവാരിയോടൊപ്പം, അദ്ദേഹത്തിന്റെ അടുത്ത സഹായിയായ ബിജേന്ദ്രയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സുമിത്തും സഞ്ജയും ഇപ്പോള്‍ റിമാന്‍ഡിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Similar News