കളിക്കുന്നതിനിടെ വഴിതെറ്റിയ രണ്ടു വയസുകാരി ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് കാപ്പിത്തോട്ടത്തില്‍; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല: കുട്ടിയെ കണ്ടെത്തുന്നത് പിറ്റേ ദിവസം പുലര്‍ച്ചെ
രണ്ടു വയസുകാരി ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് കാപ്പിത്തോട്ടത്തില്‍
മൈസൂരു: കളിക്കുന്നതിനിടെ കൂട്ടം തെറ്റിപ്പോയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവന്‍ കഴിഞ്ഞത് കടുവയും കാട്ടുപന്നിയും ഇറങ്ങുന്ന വിജനമായ കാപ്പിത്തോട്ടത്തില്‍. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. അഞ്ച് ദിവസം മുന്‍പ് താമസത്തിനെത്തിയ തോട്ടത്തിലെ തൊഴിലാളികളായ സുനില്‍, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ദമ്പതികള്‍ തോട്ടത്തില്‍ ജോലിക്ക് പോയപ്പോള്‍ മകളെയും കൂട്ടി. തുടര്‍ന്ന് തോട്ടത്തിലെ മറ്റു തൊഴിലാളികളുടെ കുട്ടികളോടൊപ്പം കളിക്കാന്‍വിട്ടു. കളിക്കുന്നതിനിടെ സുനന്യ വഴിതെറ്റി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികള്‍ കുഞ്ഞ് കൂട്ടം തെറ്റി പോയ വിവരം അറിഞ്ഞതുമില്ല.മാതാപിതാക്കള്‍ വൈകുന്നേരം ജോലി കഴിഞ്ഞപ്പോഴാണ് കുട്ടി കൂട്ടത്തിലില്ല എന്ന വിവരം മനസ്സിലാക്കുന്നത്.
സുനന്യയെ കാണാതായതോടെ ഗ്രാമവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ശനിയാഴ്ച രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ തോട്ടത്തിനുള്ളില്‍ വനം ജീവനക്കാര്‍, കടുവ കാട്ടുപന്നിയെ വേട്ടയാടി ജഡം ഉപേക്ഷിച്ചതായി കണ്ടെത്തി. കടുവയുടെ കാല്‍പ്പാടുകളും കണ്ടതോടെ പരിഭ്രാന്തരാവുകയും തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലിര ബൊപ്പണ്ണയുടെ നേതൃത്വത്തില്‍ വീണ്ടും തോട്ടത്തിന്റെ ഉള്‍ഭാഗങ്ങളില്‍ തിരച്ചിലാരംഭിച്ചു. ഇതിനിടെ തോട്ടത്തിലെ ഒരു മരത്തിനടിയില്‍ കുട്ടി ഭയന്ന് ഇരിക്കുന്നത് കണ്ടെത്തി. കുട്ടിയെ കാണാതായി 14 മണിക്കൂര്‍ കഴിഞ്ഞാണ് കണ്ടെത്തുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയാക്കി യാതൊരു പരിക്കുമില്ലെന്ന് ഉറപ്പാക്കിയാണ് രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് വിട്ടത്.
കുട്ടി തോട്ടത്തിനകത്ത് ഉറങ്ങിപോയതായിരിക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗോണികുപ്പ ഫോറസ്റ്റ് എസ്ഐ പ്രദീപ് കുമാര്‍, ഡിആര്‍എഫ്ഒ ജെ.കെ. ശ്രീധര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.