പൊതുജനാരോഗ്യത്തിന് ഭീഷണി; പൊതുസ്ഥലത്ത് പ്രാവുകൾക്ക് തീറ്റ നൽകിയയാൾക്ക് പിഴ ചുമത്തി കോടതി
മുംബൈ: മുംബൈയിലെ പൊതുസ്ഥലത്ത് പ്രാവുകൾക്ക് തീറ്റ നൽകിയ ദാദർ നിവാസിയായ വ്യവസായിക്ക് 5000 രൂപ പിഴ ചുമത്തി ബാന്ദ്ര അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്. നിതിൻ ഷെത്ത് (52) എന്നയാൾക്കാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കോടതി പിഴ ചുമത്തിയത്.
മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നിരോധിച്ച 'കബൂത്തർ ഖാന' എന്നറിയപ്പെടുന്ന മാഹിം പ്രദേശത്തെ കേന്ദ്രത്തിൽ പ്രാവുകൾക്ക് തീറ്റ നൽകിയതിനെ തുടർന്നാണ് നിതിൻ ഷെത്ത് ഓഗസ്റ്റ് ഒന്നിന് അറസ്റ്റിലായത്. കേസ് കോടതിയിലെത്തിയപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയും ശിക്ഷയിൽ ഇളവ് തേടുകയും ചെയ്തിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി പിഴ ചുമത്തിയത്.
കബൂത്തർ ഖാനകൾ പൊതു ശല്യമാണെന്നും പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ള ആരോഗ്യ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇവ നിരോധിച്ചിരുന്നു. ഈ ഉത്തരവ് നിലവിൽ വന്നതിന് പിന്നാലെയാണ് കോടതിയുടെ ഈ നടപടി. സർക്കാർ ഉത്തരവ് ലംഘനം, പൊതുജനങ്ങളുടെ ജീവന് അപകടകരമാകുന്ന ഒരു രോഗത്തിന്റെ അണുബാധ പടർത്താൻ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് നിതിൻ ഷെത്ത് ചെയ്തതെന്ന് കോടതി വ്യക്തമാക്കി.