തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ പൊങ്കല്‍ സമ്മാനം; റേഷന്‍ കാര്‍ഡുള്ള 2.22 കോടി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യും
തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ പൊങ്കല്‍ സമ്മാനം
ചെന്നൈ: തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് 3000 രൂപ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് മുഖ്യമന്ത്രിയുടെ സമ്മാനം ലഭിക്കുക. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുള്ള 2.22 കോടി കുടുംബങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴ് പുനരധിവാസക്യാമ്പുകളിലെ താമസക്കാര്‍ക്കും 3000 രൂപ വീതം ലഭിക്കും.
പൊങ്കല്‍ സ്‌പെഷ്യല്‍ പാക്കേജിന് പുറമേയാണ് പണവും സമ്മാനമായി നല്‍കാന്‍ ഒരുങ്ങുന്നത്. പൊങ്കലിന് പണം സമ്മാനമായി നല്‍കുന്നതിലൂടെ സര്‍ക്കാരിനുള്ള മൊത്തം ചെലവ് 6936.17 കോടി രൂപയാണ്. വിളവെടുപ്പുത്സവമായ പൊങ്കല്‍ കൂടുതല്‍ അര്‍ഥവത്താക്കുന്നതിനായാണ് നേരത്തേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ പാക്കേജിനുപുറമേ പണംകൂടി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊങ്കല്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പ് എന്നിവയാണ് ഉണ്ടാവുക. പൊങ്കല്‍ ആഘോഷത്തിനായി വിതരണംചെയ്യുന്ന സൗജന്യ ദോത്തിയും സാരിയും എല്ലാ ജില്ലയിലേക്കും അയച്ചിട്ടുണ്ടെന്നും ന്യായവില കടകളിലൂടെ ഉത്സവത്തിന് മുന്‍പുതന്നെ വിതരണംചെയ്യുന്നത് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും. ജനുവരി 14-നകം വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.