ജന്മദിനം ആഘോഷിച്ച് മദ്യലഹരിയില്‍ വീട്ടിലേക്ക് മടങ്ങവെ അപകടം; ഇന്‍ഡോറില്‍ മുന്‍മന്ത്രിയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനും അപകടത്തില്‍ മരിച്ചു

Update: 2026-01-09 12:15 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ നിലവിലെ എംഎല്‍എയും മുന്‍ ആഭ്യന്തര മന്ത്രിയുമായ ബാല ബച്ചന്റെ മകളും മറ്റു രണ്ടുപേരും വാഹനാപകടത്തില്‍ മരിച്ചു. ഇന്‍ഡോറില്‍ തേജാജി നഗര്‍ ബൈപ്പാസിന് സമീപം രാലമണ്ഡല്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. ബച്ചന്റെ മകള്‍ പ്രേര്‍ണ ബച്ചനും മറ്റു മൂന്നുപേരും സഞ്ചരിച്ച കാര്‍, ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ആനന്ദ് കസ്ലിവാലിന്റെ മകന്‍ പ്രഖര്‍ കസ്ലിവാലും മന്‍സിന്ദു എന്ന വ്യക്തിയുമാണ് മരിച്ചത്. അനുഷ്‌ക രഥി എന്ന മറ്റൊരു യാത്രക്കാരിയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രഖറിന്റെ ജന്മദിനം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടം. മദ്യലഹരിയില്‍ കാറോടിച്ച പ്രഖറിന് നിയന്ത്രണം നഷ്ടമാവുകയും തുടര്‍ന്ന് ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നെന്നാണ് വിവരം.

ട്രക്കിന്റെ പിന്‍ഭാഗത്താണ് ഇടിച്ചതെന്നാണ് വിവരം. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ്, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു പ്രേര്‍ണ ബച്ചന്‍.

Similar News