അവന്റെ മരണത്തിനു ശേഷം വീട് നിശ്ശബ്ദമായി; ഏക മകന്‍ മരിച്ചതിലുള്ള ദുഖം താങ്ങാനാവുന്നില്ല: ആത്മഹത്യ ചെയ്ത് ദമ്പതികള്‍
ഏക മകന്‍ മരിച്ചതിലുള്ള ദുഖം താങ്ങാനാവുന്നില്ല: ആത്മഹത്യ ചെയ്ത് ദമ്പതികള്‍
ഛത്തീസ്ഗഡ്: ഏകമകന്റെ മരണത്തിന് ശേഷം ദുഃഖിതരായി കഴിയുകയായിരുന്ന മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണ പട്ടേലും (48) ഭാര്യ രമാ ബായിയും (47) ആണ് വീടിന്റെ മുറ്റത്തുള്ള മരത്തില്‍ തൂങ്ങി ജീവനൊടുക്കിയത്. ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍-ചമ്പ ജില്ലയിലാണ് സംഭവം. മരണത്തിന് പിന്നാലെ നാലു പേജുള്ള ഇവരുടെ ആത്മഹത്യാക്കുറിപ്പും ഒരു വിഡിയോ സന്ദേശവും കണ്ടെടുത്തു. മകന്‍ മരിച്ചതിലുള്ള ദുഖം താങ്ങാന്‍ കഴിയുന്നില്ലെന്ന് ദമ്പതികള്‍ ആത്മഹത്യാക്കുറില്‍ പറയുന്നു. ദമ്പതികളുടെ ഏകമകന്‍ രണ്ട് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
'ആദിത്യന്‍ ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയായിരുന്നു, ഞങ്ങളുടെ ലോകം... അനുസരണയുള്ള മകനും ഒരു സുഹൃത്തുമായിരുന്നു. അവന്റെ മരണത്തിനു ശേഷം വീട് നിശ്ശബ്ദമായി. ദൈവം ദയാലുവാണ്. ദീര്‍ഘനാളത്തെ സഹനത്തിനൊടുവില്‍, എന്റെ മനസ്സ് ഇപ്പോള്‍ ശാന്തമാണ്. എനിക്ക് ദൈവത്തോട് ആകര്‍ഷണം തോന്നുന്നു. ദൈവത്തില്‍ ലയിക്കുക എന്നതാണ് എന്റെ വിധി. ഞങ്ങളുടെ മകന്‍ ആദിത്യന്റെ അപകട മരണത്തിന്റെ ക്ലെയിം തുക ഞങ്ങളുടെ ജ്യേഷ്ഠന്മാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതാണ് ഞങ്ങളുടെ അഭ്യര്‍ഥന. ഞങ്ങള്‍ രണ്ടുപേരും ബോധപൂര്‍വ്വവും സന്തോഷത്തോടെയും ദൈവത്തില്‍ സമര്‍പ്പിക്കുകയാണ്. ഞങ്ങളുടെ മരണത്തില്‍ ആരും ഉത്തരവാദികളല്ല. ദയവായി സന്തോഷത്തോടെ ഞങ്ങള്‍ക്ക് വിട നല്‍കുക. ഞങ്ങളെ ഓര്‍ത്ത് ദുഃഖിക്കരുത്. ഞങ്ങള്‍ പൂര്‍ണ്ണ സമാധാനത്തോടെ, ആഗ്രഹങ്ങളില്ലാതെ, സന്തോഷത്തോടെയാണ് ഈ ലോകം വിടുന്നത്.' ആത്മഹത്യാക്കുറില്‍ പറയുന്നു.
2024ല്‍ മസ്തുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് ഇവരുടെ ഏക മകന്‍ ആദിത്യ പട്ടേല്‍ (21) മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടിയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. അവര്‍ ചിരിക്കുന്നതു പോലും വളരെ വിരളമായിരുന്നുവെന്നും അവര്‍ പറയുന്നു.