'സന്തോഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലാണ് സ്നേഹം'; വാട്സ്ആപ്പിൽ വന്ന വിവാഹ ക്ഷണക്കത്ത് തുറന്നു; സർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് 1.90 ലക്ഷം രൂപ

Update: 2025-08-23 11:00 GMT

മുംബൈ: മഹാരാഷ്ട്രയിൽ അജ്ഞാത നമ്പറിൽ നിന്ന് വാട്സ്ആപ്പിൽ ലഭിച്ച വ്യാജ വിവാഹ ക്ഷണക്കത്ത് തുറന്ന സർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് 1,90,000 രൂപ. ഫോണിലെ വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള എപികെ (APK) ഫയലാണ് ക്ഷണക്കത്തിന്റെ രൂപത്തിൽ അയച്ചത്. ഹിംഗോലി ജില്ലയിലാണ് സംഭവം.

'വിവാഹത്തിന് തീർച്ചയായും വരണം. 30-08-2025. സന്തോഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലാണ് സ്നേഹം' എന്ന സന്ദേശത്തോടൊപ്പമാണ് പിഡിഎഫ് ഫയലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ലിങ്ക് ഉദ്യോഗസ്ഥന് ലഭിച്ചത്. ഇതിൽ ക്ലിക്ക് ചെയ്തതോടെ ഫോണിലെ വിവരങ്ങൾ ചോർത്തുന്ന അപകടകരമായ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആവുകയായിരുന്നു. തുടർന്ന് ഫോണിൽ നുഴഞ്ഞുകയറിയ ഈ മാൽവെയർ ഉപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ളവ കൈക്കലാക്കുകയും അക്കൗണ്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിൻവലിക്കുകയുമായിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥൻ ഹിംഗോലി പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപരിചിതരിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകളോ ഫയലുകളോ, പ്രത്യേകിച്ച് എപികെ ഫയലുകൾ, ഡൗൺലോഡ് ചെയ്യരുതെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Tags:    

Similar News