ട്രെയിൻ യാത്രക്കിടെ യുവതിക്ക് പ്രസവ വേദന; നിലവിളി കേട്ട് ഓടിയെത്തി ആർപിഎഫ്; തുണയായി ആർപിഎഫ് വനിത ഇൻസ്പെക്ടറും സഹയാത്രികരും; പെൺകുഞ്ഞിന് ജന്മം നൽകി; സംഭവം ഡൽഹിയിൽ
ഡൽഹി: ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയെടുത്ത യുവതിക്ക് രക്ഷകരായി ആർപിഎഫ് വനിത ഇൻസ്പെക്ടറും സഹയാത്രികരും. ബിഹാറിലെ സമസ്തിപൂർ സ്വദേശിനിയായ യുവതിയാണ് ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് പ്രസവ വേദന കലശലാകുന്നതും ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകുന്നതും.
സംഭവം നടക്കുമ്പോൾ സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് സബ് ഇൻസ്‌പെക്ടർ നവീൻ കുമാരിയാണ് വനിതാ പൊലീസ് കോൺസ്റ്റബിളിന്‍റെയും സഹയാത്രികരുടേയും സഹായത്തോടെ യുവതിക്ക് രക്ഷയൊരുക്കിയത്. ആനന്ദ് വിഹാറിൽ നിന്ന് സഹർസയിലേക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട വിവരം ലഭിച്ചത്. ആ സമയത്ത് പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലായിരുന്നു താൻ. വിവരമറിഞ്ഞ ഉടനെ വനിതാ പോലീസ് കോൺസ്റ്റബിളിനേയും വിളിച്ച് കോച്ചിലേക്ക് ഓടിച്ചെന്നുവെന്ന് ആർപിഎഫ് ഇൻസ്പെക്ടർ പറയുന്നു.
ആ സമയത്ത് യുവതി പ്രസവ വേദനയാൽ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സജ്ജീകരണം ഒരുക്കുന്നത് വൈകുമെന്ന് മനസിലായതോടെ കോച്ചിലുണ്ടായിരുന്ന മറ്റ് സ്ത്രീകളുടെ സഹായത്തോടെ പ്രസവം നടത്തി- വനിത എസ്ഐ നവീൻ കുമാരി പറഞ്ഞു.