അര്‍ദ്ധരാത്രിയില്‍ ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെ ഉണര്‍ത്തി; 20 കുടുംബങ്ങളില്‍ നിന്നുള്ള 67 പേരുടെ ജീവന്‍ രക്ഷിച്ച് റോക്കി: ഹിമാചല്‍ പ്രദേശിന്റെ മനം കവര്‍ന്ന് ഒരു കുഞ്ഞ് നായ

67 പേരുടെ ജീവന്‍ രക്ഷിച്ച് റോക്കി

Update: 2025-07-10 00:31 GMT

ഷിംല: താമസിക്കുന്ന ഗ്രാമത്തിലെ 67 പേരുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്ത് നായ. ഹിമാചലിലെ മണ്ഡി ജില്ലയിലെ സിയാത്തി ഗ്രാമത്തിലെ അഞ്ചുമാസം പ്രായമുള്ള റോക്കിയെന്ന നായക്കുട്ടിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും രക്ഷകനായി മാറിയ ഈ നായയാണ് വാര്‍ത്തകളില്‍ നിറയുന്നത്. റോക്കിയുടെ നിര്‍ത്താതെയുള്ള കുരയാണ് 20 കുടുംബങ്ങളില്‍നിന്നുള്ള 67 പേരുടെ ജീവന്‍ രക്ഷിച്ചത്.

ജൂണ്‍ 30-ന് അര്‍ദ്ധരാത്രി തുടങ്ങിയ കനത്ത മഴ മണ്ഡിയിലെ സിയാത്തി ഗ്രാമം പൂര്‍ണ്ണമായും തകര്‍ത്തു. മഴ പെയ്യുന്നതിനിടെ, വീട്ടിലെ രണ്ടാം നിലയില്‍ ഉറങ്ങുകയായിരുന്നു റോക്കി. അര്‍ദ്ധരാത്രിയോടെ ഉച്ചത്തില്‍ കുരച്ച് ബഹളം കൂട്ടി വീട്ടുകാരെ ഉണര്‍ത്തി. റോക്കിയെ തിരക്കിയെത്തിയ വീട്ടുകാര്‍ കണ്ടത് വീടിന്റെ ഭിത്തിയില്‍ വലിയ വിള്ളലിലൂടെ വെള്ളം കയറുന്നതാണ്. നായയുമായി താഴേക്ക് ഓടിയ വീട്ടുടമസ്ഥന്‍ വീട്ടിലുള്ളവരെയും ഗ്രാമവാസികളെയും വിളിച്ചുണര്‍ത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടു.

പേമാരിയില്‍ എല്ലാം ഉപേക്ഷിച്ചാണ് ആളുകള്‍ അഭയം തേടി ഓടിയത്. മിനിട്ടുകള്‍ക്കുള്ളില്‍ ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ സംഭവിക്കുകയും ഒരു ഡസനോളം വീടുകള്‍ പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. ഇപ്പോള്‍ നാലോ അഞ്ചോ വീടുകള്‍ മാത്രമാണുള്ളത്. ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ്. ഗ്രാമവാസികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റോക്കി കുടുങ്ങിപ്പോയിയെങ്കിലും പിന്നീട് രക്ഷിച്ചെടുത്തു. ഹിമാചലില്‍ തോരാതെ പെയ്ത മഴയില്‍ നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News