'ശ്രുതിയുടെ മാതാപിതാക്കൾ നേരിട്ട് ഹാജരായി മൊഴി നൽകണം'; 'കാര്യങ്ങളിൽ കുറെ വ്യക്തത വരണം'; നാഗർകോവിലിൽ കോളേജ് അദ്ധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം കടുപ്പിച്ച് പോലീസ്; പിന്നിൽ ദുരൂഹതയേറുന്നു..!
നാഗർകോവിൽ: ഭർതൃവീട്ടിലെ പീഡനം കാരണം കൊല്ലം സ്വാദേശിനി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിലെ പീഡനം കാരണം യുവതി ജീവനൊടുക്കിയത്. ഇപ്പോഴിതാ സംഭവത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
കുറെ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും ദുരൂഹത ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. മരിച്ച ശ്രുതിയുടെ മാതാപിതാക്കളോട് നേരിട്ട് ഹാജരായി മൊഴി നൽകാൻ നാഗർകോവിൽ ആർഡിഒ എസ് കാളീശ്വരി നിർദ്ദേശം ഇതിനോടകം നൽകി. ശുചീന്ദ്രം പോലീസാണ് യുവതിയുടെ കുടുംബത്തെ വിവരമറിയിച്ചത്.
തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സംഭവത്തിന് പിന്നാലെ പോലീസും ആർഡിഒ കാളീശ്വരിയും വീട്ടിൽ എത്തി കാർത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തിരുന്നു. ശ്രുതി അമ്മയോട് ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.
'ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങൾ അവർ വാങ്ങിവച്ചു. അത് തിരികെ വാങ്ങണം.'- എന്നാണ് ശ്രുതി പറഞ്ഞിരുന്നത്. പത്ത് ലക്ഷം രൂപ സ്ത്രീധനവും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നൽകിയിരുന്നെന്നാണ് ശ്രുതിയുടെ കുടുംബം ആരോപിക്കുന്നു.
ഇതിനിടെ, സംഭവത്തെ തുടർന്ന് വിഷം കഴിച്ച കാർത്തിക്കിന്റെ അമ്മ ചെമ്പകവല്ലിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതും പോലീസിന് തലവേദനയാകുന്നു. ഇവർ ഇപ്പോൾ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.