ബിഹാറിൽ വ്യാജ മദ്യം കഴിച്ച് ആറ് പേർ മരിച്ചു; 14 പേർ ചികിത്സയിൽ; രണ്ട് പഞ്ചായത്ത് അധികൃതർക്ക് സസ്പെൻഷൻ; വകുപ്പുതല നടപടിക്കും നിർദ്ദേശം
ബിഹാർ: ബീഹാറിൽ സിവാൻ, സരൺ ജില്ലകളിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിച്ചു. സംഭവത്തിൽ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവാൻ ജില്ലയിൽ നാലും സരണിൽ രണ്ട് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
മഘർ, ഔരിയ പഞ്ചായത്തുകളിലായി മൂന്ന് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് വിവരം ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥ സംഘം ഉടനെ തന്നെ സംഭവസ്ഥലത്തെത്തി. വിഷമദ്യം കഴിച്ചവർ ഗുരുതര അവസ്ഥയിലായിരുന്നതിനാൽ 12 പേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. അതിൽ ഒരാൾ വഴിമധ്യേ മരിക്കുകയാരിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സംഭവത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും സിവാൻ ജില്ലാ മജിസ്‌ട്രേറ്റ് മുകുൾ കുമാർ ഗുപ്ത പറഞ്ഞു.
അതേസമയം, സംഭവത്തെത്തുടർന്ന് മഘർ, ഔരിയ പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം സസ്‌പെൻഡ് ചെയ്തു. രണ്ട് പേർക്കെതിരെയാണ് നടപടി. പഞ്ചായത്തുകളിലെ പ്രാദേശിക പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയും ആരംഭിക്കുമെന്ന് ഡിഎം അറിയിച്ചു.
2016 ഏപ്രിലിൽ നിതീഷ് കുമാർ സർക്കാർ ബിഹാറിൽ മദ്യവിൽപ്പനയും നിരോധിച്ചിരുന്നു. സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയതിന് ശേഷം 150 ലധികം ആളുകൾ വ്യാജ മദ്യം കഴിച്ച് മരിച്ചതായാണ് റിപ്പോർട്ട്.