നരാത്രി ആഘോഷങ്ങളുടെ ഭാഗമായി ജയിലില്‍ രാംലീല; വാനര വേഷം കെട്ടിയ കൊടുംകുറ്റവാളികള്‍ ജയില്‍ ചാടി: ഹരിദ്വാറില്‍ ആറ് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ജയിലില്‍ രാംലീല; കൊടുംകുറ്റവാളികള്‍ ജയില്‍ ചാടി
ഡെറാഡൂണ്‍: ജയിലില്‍ രാംലീലക്കിടെ വാനര വേഷം കെട്ടിയ കൊടും കുറ്റവാളികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് നടപടി. ഹരിദ്വാറിലാണ് സംഭവം. ജയിലില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുപയോഗിച്ച ഏണി ഉപയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്.രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
കൊലക്കേസ് പ്രതിയും മറ്റൊരു കൊടും ക്രിമിനലുമാണ് രക്ഷപ്പെട്ടത്. യുപിയില്‍ ഉള്‍പ്പടെ തെരച്ചില്‍ തുടരുകയാണെന്നും, ഇതിനായി 10 സംഘങ്ങള്‍ രൂപീകരിച്ചെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് നവരാത്രി ആഘോഷങ്ങള്‍ക്കിടെ ജയിലില്‍ സംഘടിപ്പിച്ച രാംലീലയില്‍ വാനരവേഷം കെട്ടിയ രണ്ട് പ്രതികള്‍ ജയില്‍ ചാടിയത്. ഹരിദ്വാര്‍ ജില്ലാ ജയിലിലാണ് സംഭലം.
അതേസമയം, ബിജെപി ഭരണത്തില്‍ ഉത്തരാഖണ്ഡില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് രാംലീല സംഘടിപ്പിച്ചത്. തടവു പുള്ളികളായിരുന്നു അഭിനേതാക്കള്‍. രാത്രി രാംലീല കഴിഞ്ഞ് ബഹളം എല്ലാം ഒതുങ്ങിയതോടെയാണ് വാനര വേഷം കെട്ടിയ കൊലപാതക കേസ് പ്രതിയുള്‍പ്പടെ രണ്ട് പേര്‍ ജയില്‍ ചാടിയെന്ന് അധികൃതര്‍ക്ക് മനസിലായത്.
രക്ഷപ്പെട്ട പങ്കജിനെ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമന്‍ രാംകുമാര്‍ വിചാരണ തടവുകാരനാണ്. പുലര്‍ച്ചെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്നും ഉടന്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഹരിദ്വാര്‍ എസ്പി അറിയിച്ചു. ജയില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിമര്‍ശിച്ചു.
അറ്റകുറ്റപണി നടക്കുന്നതിനിടെ ജയില്‍ വളപ്പില്‍ രാംലീല സംഘടിപ്പിച്ചത് വീഴ്ചയാണ്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.