52 ശതമാനം ഇന്ത്യൻ യുവാക്കളും വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ; ഇഷ്ട രാജ്യം ജർമ്മനി, തൊട്ട് പിന്നിൽ യുകെ; ലക്ഷ്യം സാമ്പത്തിക വളർച്ചയെന്ന് പഠന റിപ്പോർട്ട്

Update: 2026-01-09 16:50 GMT

ദില്ലി: മെച്ചപ്പെട്ട ജീവിതനിലവാരവും ഉയർന്ന ശമ്പളവും മികച്ച തൊഴിലവസരങ്ങളും തേടി രാജ്യത്തെ 52 ശതമാനം യുവാക്കളും വിദേശത്തേക്ക് കുടിയേറാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി ടേൺ ഗ്രൂപ്പ് നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തികമായ ഉയർച്ചയാണ് 46 ശതമാനം പേരെയും ഈ തീരുമാനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. മുമ്പ് അമേരിക്കയായിരുന്നു ഇന്ത്യൻ യുവാക്കളുടെ ഇഷ്ടപ്പെട്ട രാജ്യമെങ്കിൽ, നിലവിൽ 43 ശതമാനം പേരും ജർമ്മനിക്കാണ് മുൻഗണന നൽകുന്നത്.

34 ശതമാനം പേർ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടിയാണ് വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നത്. അതേസമയം, 9 ശതമാനം പേർക്ക് ഇത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇഷ്ടരാജ്യമായി ജർമ്മനിയെ 43 ശതമാനം പേർ തിരഞ്ഞെടുക്കുമ്പോൾ, യുകെയിലേക്ക് പോകാൻ 17 ശതമാനം പേരും ജപ്പാൻ പരിഗണിക്കാൻ 9 ശതമാനം പേരും താൽപ്പര്യം കാണിക്കുന്നു. മുൻപ് ഏറ്റവും താൽപ്പര്യപ്പെട്ട രാജ്യമായിരുന്ന അമേരിക്കയെ ഇപ്പോൾ പരിഗണിക്കുന്നത് 4 ശതമാനം പേർ മാത്രമാണ്.

വിദേശത്തേക്ക് കുടിയേറുന്ന നഴ്സുമാരുടെ കണക്കുകൾ പ്രകാരം, 61 ശതമാനം പേരും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരാണ്. ദില്ലിയിൽ നിന്നുള്ള നഴ്സുമാർ 17 ശതമാനവും, ദക്ഷിണേന്ത്യയിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നഴ്സുമാർ 9 ശതമാനം വീതവുമാണ് വിദേശത്തേക്ക് പോകാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത്.

എന്നാൽ, വിദേശത്തെ ജീവിതം കുടിയേറുന്നവർക്ക് എല്ലായ്പ്പോഴും എളുപ്പമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുടിയേറാൻ ശ്രമിക്കുന്നവരിൽ 44 ശതമാനം പേർ ഭാഷാപരമായ വെല്ലുവിളികൾ നേരിടുമ്പോൾ, 48 ശതമാനം പേർക്ക് തൊഴിൽ തട്ടിപ്പുകൾ കുരുക്കാകുന്നുണ്ട്. കൃത്യമായ മാർഗനിർദേശങ്ങളുടെ അഭാവം 33 ശതമാനം പേരും നേരിടുന്ന പ്രധാന വെല്ലുവിളിയായി എടുത്തുപറയുന്നു.

Tags:    

Similar News