ഒന്നാം ക്ലാസിൽ പഠിക്കുന്ന തന്റെ മകന്റെ ബാഗ് തൂക്കമളന്ന് നോക്കിയ അച്ഛന് ഞെട്ടൽ; അവൻ ദിവസവും ചുമക്കുന്നത് ദേ..ഇത്ര കിലോ; പ്രതികരിച്ച് സോഷ്യൽ മീഡിയ
സംഭാജിനഗർ: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ ഒന്നാം ക്ലാസുകാരനായ മകൻ ചുമക്കുന്ന സ്കൂൾ ബാഗിന്റെ അമിത ഭാരം സംബന്ധിച്ച് പിതാവ് പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. 21 കിലോ ശരീരഭാരമുള്ള തന്റെ ആറുവയസ്സുകാരൻ മകൻ 4.5 കിലോ ഭാരമുള്ള സ്കൂൾ ബാഗാണ് ദിവസവും ചുമക്കുന്നതെന്ന് ബാലു ഗൊരാഡെ എന്നയാളാണ് 'എക്സി'ൽ (ട്വിറ്റർ) ചിത്രങ്ങൾ സഹിതം പങ്കുവെച്ചത്. ഇത് സർക്കാർ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ലഞ്ച് ബോക്സ് ഉൾപ്പെടെയുള്ള സാധനങ്ങളോടുകൂടി 4.5 കിലോയാണ് ബാഗിന് ഭാരം. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടാൻ പാടില്ല. ഈ കണക്കനുസരിച്ച്, 21 കിലോ ഭാരമുള്ള ബാലുവിന്റെ മകന്റെ ബാഗിന് പരമാവധി 2.1 കിലോ ഭാരമേ ഉണ്ടാകാൻ പാടുള്ളൂ. എന്നാൽ, കുട്ടി ചുമക്കുന്നത് അനുവദനീയമായതിൻ്റെ ഇരട്ടിയിലേറെ ഭാരമാണ്.
മകൻ ബാഗുമായി നടക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബാലു ബാഗിന്റെ ഭാരം അളന്നു നോക്കിയത്. തൂക്കമളക്കുന്ന മെഷീനിൽ വെച്ച ബാഗിന്റെ ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. "ഞാനിത് പലതവണ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാരം പരിശോധിച്ചിട്ടുണ്ടോ?" എന്ന ചോദ്യത്തോടെയാണ് ബാലു ഗൊരാഡെ ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത്.