ദേശവിരുദ്ധനായി ചത്രീകരിക്കാന്‍ ശ്രമം; ലഡാക്ക് സംഘർഷത്തിൽ യാതൊരു പങ്കുമില്ല; സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ലഡാക്കിൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് ഭാര്യ ഗീതാഞ്ജലി. സോനം വാങ്‌ചുക്കിനെ ദേശവിരുദ്ധനായി ചത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും ലഡാക്ക് സംഘർഷത്തിൽ ഭർത്താവിന് യാതൊരു പങ്കുമില്ലെന്നും ഗീതാഞ്ജലി കോടതിയെ അറിയിച്ചിട്ടുണ്ട്.
തടങ്കലിനെ ചോദ്യം ചെയ്യണമെന്നും വാങ്ചുക്കിനെതിരെ എൻഎസ്എ ചുമത്താനുള്ള തീരുമാനത്തിൽ അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നേരത്തെ, വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഗീതാഞ്ജലി രാഷ്ട്രപതിക്ക് കത്ത് നൽകിയിരുന്നു. സെപ്റ്റംബർ 26ന് ലഡാക്കിലെ വസതിയിൽ നിന്നാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഏഴ് ദിവസമായി രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് വാങ്ചുക്ക് കഴിയുന്നത്.
പ്രതിഷേധ പ്രകടനങ്ങൾക്ക് വാങ്ചുക്ക് പ്രേരിപ്പിച്ചുവെന്നാണ് കുറ്റം. അറസ്റ്റിനെ തുടർന്ന് കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും സംയുക്തമായി അഞ്ച് വർഷമായി നടത്തുന്ന ഈ സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ നാല് പേർ മരണപ്പെട്ടിരുന്നു.
സംഘർഷങ്ങളെത്തുടർന്ന് വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. നിരാഹാര സമരത്തിന്റെ പേരിൽ പ്രതികാര നടപടിയെന്നോണം വാങ്ചുക്കിനെതിരെ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും വിദേശ സഹായം സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു. ലഡാക്കിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ആഭ്യന്തര മന്ത്രാലയത്തെയാണ് വാങ്ചുക് സംഘർഷങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുന്നത്.
സോനം വാങ്ചുക്കിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് ജയിലിലടച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) കോ ചെയർമാൻ അസർ കർബലായിയുടെ പ്രസ്താവന പ്രകാരം, വാങ്ചുക്കിനെ മോചിപ്പിക്കാതെ കേന്ദ്ര സർക്കാറുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ല.