കനത്ത കാറ്റിലും മഴയിലും വിറങ്ങലിച്ച് രാജ്യ തലസ്ഥാനം; മേല്‍ക്കൂര വീണ് പോലീസുകാരന്‍ മരിച്ചു; ജനജീവിതം സ്തംഭിച്ചു; 200ലധികം വിമാനസര്‍വീസുകളെ ബാധിച്ചു
കനത്ത കാറ്റിലും മഴയിലും വിറങ്ങലിച്ച് രാജ്യ തലസ്ഥാനം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും ശക്തമായ ഇടിമിന്നലിലും വ്യാപക നാശനഷ്ടം. ശക്തമായ മഴയില്‍ ഗാസിയാബാദില്‍ അകുര്‍ വിഹാറിലെ എസിപി ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പോലീസ് മരിച്ചു. 58 വയസ്സുകാരനായ വിരേന്ദ്ര മിശ്രയാണ് മരിച്ചത്.
ഡല്‍ഹി എന്‍സിആറിലാണ് വന്‍നാശനഷ്ടം. മഴയെ തുടര്‍ന്ന് എന്‍സിആറിലെ വിവിധ ഇടങ്ങളില്‍ വെള്ളകെട്ട് രൂപപ്പെട്ടു. മോത്തി ബാഗ്, മിന്റോ റോഡ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകള്‍ വെള്ളത്തിനടിയിലായി. മണിക്കൂറില്‍ 60 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുന്നതിനാല്‍ 200ലധികം വിമാന സര്‍വീസുകളെ ഇത് ബാധിച്ചു. വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനോ പറന്നുയരാനോ കഴിയാത്ത സാഹചര്യമാണ്.
ശനിയാഴ്ച രാത്രിയോടുകൂടി തുടങ്ങിയ മഴ വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായതോടെ നിരവധി റോഡുകളും അണ്ടര്‍പാസുകളും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം സ്തംഭിച്ചു. ഇടിമിന്നലുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടുത്ത മഴയ്‌ക്കൊപ്പം കാറ്റും ശക്തമായത് ഇന്ദിരാ ഗാന്ധി വിമാത്താവളത്തിലെ 200-ലേറെ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. രാത്രി 11:30 മുതല്‍ പുലര്‍ച്ചെ 4:00 വരെ 49 വിമാനങ്ങളുടെ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി. സര്‍വീസുകളെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി അതാത് എയര്‍ലൈനുകളുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും കാലാവസ്ഥവകുപ്പ് നിര്‍ദ്ദേശിച്ചു. യാത്രകള്‍ ഒഴിവാക്കാനും, വൈദ്യുത ഉപകരണങ്ങള്‍ പ്ലഗ് ഓഫ് ചെയ്യാനും, മരങ്ങള്‍ക്കടിയില്‍ നില്‍ക്കുന്നത് ഒഴിവാക്കാനും, ശക്തമായ ഇടിമിന്നല്‍ സാദ്ധ്യതയുള്ളതിനാല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, അടിയന്തര കിറ്റുകളോ ഫ്‌ലാഷ്ലൈറ്റുകളോ തയ്യാറായി സൂക്ഷിക്കാനും കാലാവസ്ഥവകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.