രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച കേസ്; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ്.ഐ.ആ‍ർ രജിസ്റ്റർ ചെയ്തു, നടപടി കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ

Update: 2024-09-19 12:15 GMT

ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ പോലീസ് എഫ്.ഐ.ആ‍ർ രജിസ്റ്റർ ചെയ്തു. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി നേരെത്തെ അധിക്ഷേപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കിയത്.

പഞ്ചാബിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് രവ്നീത് സിങ് ബിട്ടു. പഞ്ചാബിലെ കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് ബി.ജെ.പിയിൽ ചേരുന്നത്. തുടർന്ന് മൂന്നാം മോദി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായും ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടിരിന്നു. വാഷിങ്ടണിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം. സിഖ് സമുദായക്കാര്‍ക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയില്‍ സംജാതമാകുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും രാഹുല്‍ ഗാന്ധി അവിടെ വച്ച് പരാമർശം നടത്തി. ഇതിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

Tags:    

Similar News