ഉത്തർപ്രദേശിൽ വ്യവസായി കാറിൽ വെന്തുമരിച്ച നിലയിൽ; തീയിട്ട് കൊലപ്പെടുത്തിയതെന്ന് പോലീസ്; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
ഉത്തർപ്രദേശ്: ഗ്രേറ്റർ നോയിഡയിൽ ബിസിനസ്സുകാരൻ കാറിൽ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത. 28കാരനായ സഞ്ജയ് യാദവ് (28) ആണ് മരിച്ചത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് സഞ്ജയ് യാദവ് ഗാസിയാബാദിലെ നെഹ്‌റു നഗറിൽ താമസിച്ചിരുന്നത്. ഫോർച്യൂണർ കാറിന് തീപിടിച്ചായിരുന്നു മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
കാർ കത്തുന്നത് കണ്ട് നാട്ടുകാർ എത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. എന്നാൽ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ പൂർണമായും കത്തിക്കരിച്ച നിലയിലാണ് കണ്ടെത്തിയത്.
സഞ്ജയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സഞ്ജയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും കണ്ടെത്താനായിട്ടില്ല. ഉച്ചയ്ക്ക് 2.30 ന് ശേഷം സഞ്ജയ് യാദവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായിയും എന്നാൽ കിട്ടിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സഞ്ജയ് അഞ്ച് ലക്ഷം കടമായി നൽകിയിരുന്നു. അത് തിരിച്ച് നൽകാതിരിക്കാൻ കൊലപ്പെടുത്തിയതാവാമെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്. സഞ്ജയെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ആഭരണങ്ങൾ മോഷ്ടിച്ചതാവാമെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ പ്രതികൾക്ക് പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. അറസ്റിലായവർ സഞ്ജയുടെ സുഹൃത്തുക്കൾ എന്നാണ് വിവരം. ഇവരെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.