ട്രെയിന്‍ യാത്രക്കിടയില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാലും അതിന്റെ ഉത്തരവാദിത്വം യാത്രക്കാരന്‍ തന്നെ; റെയില്‍വേയോട് നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല; ഡല്‍ഹി ഹൈക്കോടതി

Update: 2025-04-10 04:36 GMT

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടയില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാലും അതിന്റെ ഉത്തരവാദിത്വം യാത്രക്കാരന്‍ തന്നെയെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനം. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അനാസ്ഥയോ കുറ്റകരമായ പെരുമാറ്റമോ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍, മോഷണത്തിനായുള്ള നഷ്ടപരിഹാരമാവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദര്‍ ദൂദേജാണ് ഈ പ്രസക്തമായ വിധി പുറപ്പെടുവിച്ചത്.

2013 ജനുവരിയിലുണ്ടായ സംഭവം പശ്ചാത്തലമായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹര്‍ജിക്കാരന്റെ ബാഗ് മോഷ്ടിക്കപ്പെട്ടത്. തേര്‍ഡ് എസി കോച്ചിലായിരുന്നു യാത്ര, ബാഗില്‍ ലാപ്‌ടോപ്, ചാര്‍ജര്‍, കണ്ണട, എടിഎം കാര്‍ഡുകള്‍ തുടങ്ങി വിലയേറിയ സാധനങ്ങളായിരുന്നു. യാത്രക്കിടെ തനിക്ക് ഉണ്ടായ നഷ്ടത്തിനും സേവനത്തിലെ കുറവിനും പരിഹാരമായി 1.84 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ഹര്‍ജി നേരത്തെ തള്ളിയ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ തീരുമാനം ഹൈക്കോടതിയും ശരിവച്ചു. 'അറ്റന്‍ഡന്റ് ഉറങ്ങി', 'ടിടിഇയെ കണ്ടെത്താനായില്ല' തുടങ്ങിയ വാദങ്ങള്‍ നിരാകരിച്ച കോടതി, കോച്ചിന്റെ വാതിലുകള്‍ തുറന്നിരുന്നുവെന്നതിനു യാതൊരു തെളിവും ഇല്ലെന്നും വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്വന്തം സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഈ വിധി വ്യക്തമാക്കുന്നു.

Tags:    

Similar News