തിരുപ്പതി ലഡുവിലെ നെയ്യില്‍ മൃഗക്കൊഴുപ്പും മീനെണ്ണയും എന്ന വിവാദം; ആചാരലംഘനം ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി; ആന്ധ്ര മുഖ്യമന്ത്രിയോട് വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്രസര്‍ക്കാര്‍

തിരുപ്പതി ലഡുവിവാദം കൊഴുക്കുന്നു

Update: 2024-09-20 10:38 GMT

ന്യൂഡല്‍ഹി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുമുണ്ടെന്ന ആരോപണത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി. ഹിന്ദു മതാചാരങ്ങളുടെ ലംഘനമെന്നും ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.

അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ഇടപെട്ടു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ആവശ്യപ്പെട്ടു.പ്രതിദിനം 50,000 മുതല്‍ ഒരുലക്ഷം വരെ ഭക്തര്‍ സന്ദര്‍ശിക്കുന്ന തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തില്‍ സസ്യേതര വസ്തുക്കളുണ്ടെന്ന് ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.

തിരുപ്പതിയിലെ ലഡു ഉണ്ടാക്കാനുപയോഗിക്കുന്ന നെയ്യ് ഗുജറാത്തിലെ സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ജൂലായില്‍ പുറത്തുവന്നിരുന്ന ഈ റിപ്പോര്‍ട്ടിനെ ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡു വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനുനേരെ വലിയ ആരോപണമാണ് ഉന്നയിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിനുപയോഗിച്ച നെയ്യില്‍ മീനെണ്ണ, പന്നി കൊഴുപ്പ് എന്നിവ അടങ്ങിയിരുന്നതായി കണ്ടെത്തിയെന്നാണ് ചന്ദ്രബാബു നായിഡു ആരോപിച്ചത്. മകന്‍ നര ലോകേഷ് നായിഡുവും ടിഡിപിയും നായിഡുവിന്റെ ആരോപണങ്ങളെ പിന്തുണച്ചു.

ജഗന്‍ മോഹന്‍ റെഡ്ഡി ക്ഷേത്രങ്ങളെയും സനാതന ധര്‍മ്മത്തെയും തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രിയും ജന സേന പാര്‍ട്ടി അദ്ധ്യക്ഷനുമായ പവന്‍ കല്യാണും ആരോപിച്ചു. ബിജെപിയും ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. പൊറുക്കാനാകാത്ത പാപമാണ് ചെയ്തതെന്ന് കേന്ദ്ര മന്ത്രിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ സഞ്ജയ് ബണ്ടി പറഞ്ഞു.

അതേസമയം ഇത്തരം ആരോപണങ്ങളിലൂടെ ചന്ദ്രബാബു നായിഡുവാണ് ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം മുന്‍ ചെയര്‍മാനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ രാജ്യസഭാംഗവുമായ വൈ വി സുബ്ബ റെഡ്ഡി ആരോപിച്ചു.

ജഗന്‍ മോഹന്‍ റെഡ്ഡി ആരോപണം നിഷേധിച്ചപ്പോള്‍, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ വൈ എസ് ശര്‍മിള സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

Tags:    

Similar News