ഇനി മുതൽ പ്രസാദമായി ലഡു വേണ്ട പകരം പൂക്കളും പഴങ്ങളും മാത്രം മതി..; ഭക്തർക്ക് നിർദ്ദേശവുമായി ഉത്തർപ്രദേശിലെ ക്ഷേത്രങ്ങൾ; 'ലഡു' വിവാദ പേടിയിൽ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളും

Update: 2024-09-27 06:16 GMT


ലക്‌നൗ: തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന വിവാദം രാജ്യത്ത് ഇപ്പോൾ ആളിക്കത്തുകയാണ്. ഇതോടെ രാജ്യത്തെ മിക്ക തീർത്ഥാടന ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തർ ആശങ്കയിലാണ്. ഇപ്പോഴിതാ തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ ക്ഷേത്രങ്ങളിൽ വഴിപാടായി നൽകിവരുന്ന മധുരപലഹാരങ്ങൾ നൽകേണ്ട എന്ന കടുത്ത തീരുമാനവുമായി ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങൾ രംഗത്ത്.

നിലവിൽ ഇപ്പോൾ പ്രസാദമായി നൽകിക്കൊണ്ടിരിക്കുന്ന പേഡ, ലഡു എന്നിവയ്‌ക്ക് പകരം ഇനി മുതൽ പൂക്കൾ, തേങ്ങ, പഴങ്ങൾ എന്നിവ നൽകാനാണ് ക്ഷേത്ര അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ശ്രീ മൻകാമേശ്വർ മഹാദേവ ക്ഷേത്രം, അലോപ് ശങ്കരി ദേവീ ക്ഷേത്രം, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്ര കമ്മിറ്റികളാണ് പുതിയ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഭക്തർ ദൈവങ്ങൾക്ക് നൽകി വരുന്ന വഴിപാടായ മധുരപലഹാരങ്ങൾ ഇനിമുതൽ സമർപ്പിക്കേണ്ടതില്ലെന്നും പകരം തേങ്ങ, ഫലവർഗങ്ങൾ, ഡ്രൈഫ്രൂട്ട്‌സ്, ഏലക്ക എന്നിവ ഉപയോഗിക്കാൻ തീരുമാനിച്ചതായും പ്രയാഗ്‌രാജിലെ പ്രശസ്‌തമായ ലളിതാ ദേവീ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ വ്യക്തമാക്കി.

ഭക്തർക്ക് മായമില്ലാത്ത മധുരപലഹാരങ്ങൾ ലഭ്യമാക്കുന്നതിന് ക്ഷേത്രപരിസരത്ത് തന്നെ കടകൾ തുറക്കാൻ പദ്ധതി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന് പുറത്തുള്ള മധുരപലഹാരങ്ങളുടെ സാമ്പിൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ഇതിനോടകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ പരിശോധന നടക്കുന്നതുവരെ മധുരപലഹാരങ്ങൾ വഴിപാടായി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടനാഴിയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ ഉടൻ തന്നെ ക്ഷേത്രത്തിനുള്ള പ്രസാദം ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് ബഡെ ഹനുമാൻ ക്ഷേത്ര തലവൻ അറിയിച്ചു. സക്‌നൗവിലെ മങ്കാമഹേശ്വർ ക്ഷേത്രത്തിൽ, പുറത്തുനിന്ന് വാങ്ങുന്ന പ്രസാദം നിരോധിച്ച നീക്കത്തിന് പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന വിവാദമാണ് ഇപ്പോൾ ഇത്തരം തീരുമാനങ്ങളിലേക്ക് ക്ഷേത്രങ്ങൾ എത്തിയിരിക്കുന്നത്. പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് വളരെ പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് എന്നുമായിരുന്നു നായിഡു ഉയർത്തിയ പ്രധാന ആരോപണം .

Tags:    

Similar News